പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്‍റെ പലക പൊട്ടി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് മുകളിലെ പലക പൊട്ടി കിണറ്റിൽ വീണായിരുന്നു അപകടം. പശ്ചിമ ബംഗാൾ സ്വദേശികളായ ഷമൽ ബർമൻ, നിധു ബിശ്വാസ് എന്നിവരാണ് മരിച്ചത്.[www.malabarflash.com]
വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ ജോലി നടക്കുന്നതിനിടെ തട്ടിന്‍റെ പലക തകരുകയായിരുന്നു. പലക തകര്‍ന്ന് സമീപത്തുണ്ടായിരുന്ന കിണറ്റിലേക്കാണ് ഇരുവരും വന്ന് വീണത്. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഇരുവരും കിണറിലേക്ക് പതിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇവരുവരെയും പുറത്തെത്തിച്ചു. തുടര്‍ന്ന്, ഇവരെ ഉടൻ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
മരിച്ച ഷമൽ ബര്‍മൻ ബെഹാര്‍ സ്വദേശിയും നിധു ബിശ്വാസും ഗോപാൽ നഗർ സ്വദേശിയുമാണ്. ഇരുവരുടെയും മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതര്‍ അറിയിച്ചു.
0 Comments