NEWS UPDATE

6/recent/ticker-posts

കോഴിക്കോട് നഗരത്തില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തി; ഐ.ബി റെയ്ഡ്

കോഴിക്കോട്: നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ഐബിയുടെ പരിശോധനയില്‍ കണ്ടെത്തി. നഗരത്തിന്റെ നാല് കേന്ദ്രങ്ങളിലാണ് എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ റെയ്ഡ് നടത്തുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.[www.malabarflash.com]


ഐബിയുടെ നേതൃത്വത്തില്‍ രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. ചിന്താവളപ്പ്, എലത്തൂര്‍, നല്ലളം, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റഡിയിലുള്ളയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ടെലികോം മന്ത്രാലയത്തെ അറിയിക്കാതെ വിദേശകോളുകളടക്കം ആളുകളില്‍ എത്തിച്ചുവെന്നാണ് വിവരം.

സംഭവത്തിന് പിന്നില്‍ കുഴല്‍പ്പണ ഇടപാടും മറ്റും ഐബി പരിശോധിച്ച് വരികയാണ്. കെട്ടിടങ്ങളില്‍ ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്തും. അധികം ബഹളം ഇല്ലാത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മുറികള്‍ വാടകക്കെടുത്തത്. ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് തൊട്ടടുത്ത കടയുടമകള്‍ക്ക് പോലും വ്യക്തമായ വിവരമില്ല. കടയില്‍ സ്ഥിരം വരാറില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments