NEWS UPDATE

6/recent/ticker-posts

കീഴൂർ അഴിമുഖത്ത് തോണി മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: കീഴൂർ അഴിമുഖത്ത് ഞായറാഴ്ച പുലർച്ചേ തോണി മറിഞ്ഞ് കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കാസർകോട് കസബ കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്ര പരിസരത്തെ എ രതീഷ് (35), എസ് സന്ദീപ് (32), എസ് കാർത്തിക് (18) എന്നിവരെയാണ് കീഴൂർ അഴിമുഖത്ത് വെച്ച് സന്ദീപ് ആഞ്ജനേയ എന്ന ഫൈബർ തോണി തിരയിൽ മറിഞ്ഞ് കാണാതായത്.[www.malabarflash.com] 

ഞായറാഴ്‌ച വൈകുവോളം കാസർകോട്, തൃക്കരിപ്പൂർ, ഷിറിയ തീരദേശ പോലീസ് ബോട്ടുകൾ അഞ്ച് നാട്ടിക്കൽ മൈൽ ചുറ്റളവിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കോസ്റ്റ് ഗാർഡിൻ്റെ ബോട്ടും ഫിഷറീസ് വകുപ്പിൻ്റെ രക്ഷാ ബോട്ടും തീരത്ത് പരിശോധ നടത്തി മടങ്ങി. 

തിങ്കളാഴ്ച വീണ്ടും തിരച്ചിൽ നടത്താൻ തീരുമാനിച്ചത് പിന്നാലെയാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇതിൽ കാർത്തിക്, സന്ദീപ് എന്നിവരുടെ മൃതദേഹം പുലർച്ചേ 6 മണിയോടെ കോട്ടിക്കുളം ബീച്ച് റോഡിലെ കോടികപ്പുറത്തു നിന്നും രതീഷിൻ്റെ മൃതദേഹം തൃക്കണ്ണാട് വെച്ചുമാണ് കണ്ടെത്തിയത്. 

പോലീസെത്തി മൃതദേഹം പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിലക്ക് മാറ്റി.

ഞായറാഴ്ച പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു കാസര്‍കോട് കീഴൂർ അഴിമുഖത്തിന് സമീപം പുലിമുട്ടിനടുത്ത് വെച്ച് ഫൈബര്‍ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് തകര്‍ന്ന് മൂന്ന് പേരെ കാണാതായത്.

ദുരന്തം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും നേവിയുടെ ഹെലികോപ്ടറോ ഫിഷറീസിന്റെ രക്ഷാ ബോട്ടോ എത്തിയിരുന്നില്ല. കോസ്റ്റല്‍ പോലീസിന്റെയും മീന്‍പിടുത്ത തൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു തെരച്ചില്‍. 

അപകടത്തില്‍ നിന്നും അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ട കസബ കടപ്പുറത്തെ സോമന്റെ മകന്‍ രവി (40), ലക്ഷ്മണന്റെ മകന്‍ ഷിബിന്‍ (30), ഭാസ്‌ക്കരന്റെ മകന്‍ മണികുട്ടന്‍ (35), വസന്തന്റെ മകന്‍ ശശി (30) എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫൈബര്‍ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് തകരുകയായിരുന്നു. ഭാഗീകമായി തകര്‍ന്ന നിലയില്‍ തോണി പിന്നീട് കരയ്ക്കടിഞ്ഞു. എംഎല്‍എ മാരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നു.

Post a Comment

0 Comments