NEWS UPDATE

6/recent/ticker-posts

കോവിഡ് ബാധിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു


തൃശൂര്‍: കോവിഡ് ബാധിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം ഇരിങ്ങാലക്കുട ലേഖകനും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബ് അംഗവുമായിരുന്ന കടലായി സലീം മൗലവി(46)യാണ് മരിച്ചത്. കേരള ജേണലിസ്റ്റ് യൂണിയന്‍ മുന്‍ ജില്ലാകമ്മിറ്റിയംഗവും ഇരിങ്ങാലക്കുട മേഖല പ്രസിഡന്റുമായിരുന്നു.[www.malabarflash.com]

ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് സലീമിന്റെ മാതാവ് ബീവി മരിച്ചത്. 
15 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പിഡിപി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ പിഡിപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. ചോക്കന, ചാമക്കാല, കടലായി എന്നിവിടങ്ങളില്‍ മദ്‌റസാ അധ്യാപകനായിരുന്നു. 

സൗദിയില്‍ 11 വര്‍ഷം ജോലി ചെയ്തിരുന്നു. കടലായി ജുമാമസ്ജിദ് പ്രസിഡന്റ്, കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി, കേരള മഹല്ല് ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ച സലീം മൗലവി ക്ഷീര കര്‍ഷകന്‍ കൂടിയാണ്.

ഇക്കഴിഞ്ഞ ജൂണ്‍ 14ന് കോവിഡ് സ്ഥിരീകരിച്ച സലീം മൗലവി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. 10 ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിലും കോവിഡ് പോസിറ്റീവ് ആയിരുന്നു. പ്രമേഹ-വൃക്ക രോഗത്തെ തുടര്‍ന്ന് ഡയാലിസിസ് നടത്തി വരുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. 

പരേതരായ കടലായി തരുപീടികയില്‍ കുഞ്ഞുമോന്‍-ബീവി ദമ്പതികളുടെയും മകനാണ്. ഭാര്യ: റസിയ. മക്കള്‍: മുഹമ്മദ് സഫ് വാന്‍, ഷിഫാനത്ത്. സഹോദരങ്ങള്‍: കടലായി അഷ്‌റഫ് മൗലവി, റംല, സുലേഖ.

Post a Comment

0 Comments