Top News

സി.എ.എ നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്​ലിം ലീഗ്​ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ലീഗിന്റെ ആവശ്യം.[www.malabarflash.com]


പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി നല്‍കിയ ഹര്‍ജിയിലാണ് പുതിയ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനം ആണെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനെ ഫയല്‍ ചെയ്ത അപേക്ഷയില്‍ ലീഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009 ല്‍ തയ്യാറാക്കിയ ചട്ടങ്ങള്‍ പ്രകാരമാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം പൗരത്വത്തതിന് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ 1995 ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ കഴിയില്ലയെന്ന് ലീഗ് ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് കൊണ്ടാണ് 2019 ലെ നിയമത്തിലെ വ്യവസ്ഥകള്‍ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു.

പൗരത്വ ഭേദഗതി നിയമം കോടതി റദ്ദാക്കിയാല്‍ ഇപ്പോള്‍ ക്ഷണിച്ച അപേക്ഷ പ്രകാരം പൗരത്വം ലഭിക്കുന്നവരില്‍ നിന്ന് അത് തിരിച്ച് എടുക്കേണ്ടി വരുമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം. ഹിന്ദു , സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷയില്‍ ജില്ലകളിലെ കളക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്.


Post a Comment

Previous Post Next Post