NEWS UPDATE

6/recent/ticker-posts

കാസറകോട് നിന്നും കാണാതായ പെണ്‍കുട്ടിയെ തെലുങ്കാനയില്‍ കണ്ടെത്തി

കാസറകോട്: കാസറകോട് നിന്നും കാണാതായ പെണ്‍കുട്ടിയെ തെലുങ്കാനയില്‍ കണ്ടെത്തി. പുല്ലൂര്‍ പൊള്ളക്കടയിലെ അഞ്ജലിയെയാണ്  തെലുങ്കാനയില്‍ നിന്നും കണ്ടെത്തിയത്.[www.malabarflash.com] 

ഒരു ലോഡ്ജില്‍ തനിച്ച്‌ താമസിച്ചു വരുന്നതിനിടയില്‍ മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് സംശയം തോന്നിയിരുന്നു. അമ്പലത്തറ പോലീസിൻ്റെ ലുകൗട് നോട്ടീസ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ കണ്ട് സംസാരിച്ചതില്‍ നിന്നാണ് പൊള്ളക്കടയില്‍ നിന്നും ഒരു മാസം മുമ്പ് കാണാതായ പെണ്‍കുട്ടിയാണെന്ന് വ്യക്തമായത്.  

മലയാളി സമാജം പ്രവര്‍ത്തകര്‍ വിവരം നല്‍കിയതിൻ്റെ അടിസ്ഥാനത്തില്‍ അമ്പലത്തറ ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെലുങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ചതില്‍ നിന്നാണ് വിവരങ്ങള്‍ കിട്ടിയത്. 

പുല്ലൂര്‍ പൊള്ളക്കടയിലെ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ അഞ്ജലി (21) യെ ഇക്കഴിഞ്ഞ ഏപ്രില്‍ 19 നാണ് വീട്ടില്‍ നിന്നു കാണാതായത്. അമ്പലത്തറ പോലീസിന്റെ അന്വേഷണത്തില്‍ അഞ്ജലി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു. 

ചെന്നൈയില്‍ എത്തിയ അഞ്ജലി ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്നാണ് പോലീസിന് വിവരം ലഭിച്ചിരുന്നു. രണ്ടു ഫോണുകളുണ്ടായിരുന്നെങ്കിലും രണ്ടും ഓഫാക്കിയ നിലയിലായിരുന്നു. 

കൊളത്തൂരിലെ യുവാവിനൊപ്പമാണു യുവതി പോയതെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ആ വഴിക്കും അന്വേഷണം നടത്തിയിരുന്നു. ബന്ധുക്കള്‍ സംശയിക്കുന്ന ആള്‍ ഇപ്പോള്‍ ഗള്‍ഫിലാണ് ഉള്ളതെന്ന വിവരമാണു പോലീസിന് ലഭിച്ചത്. 

ഏപ്രില്‍ 25ന് അഞ്ജലിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. രണ്ടു തവണ പോലീസ് ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയര്‍ന്നതോടെ പോലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് ലുകൗട് നോടീസ് അയച്ചുകൊടുത്തിരുന്നു. 

അഞ്ജലിയെ കണ്ടെത്താന്‍ അന്വേഷണ സംഘം ഹൈദരാബാദ് പോലീസിന്റെ സഹായവും തേടിയിരുന്നു. യുവതി എത്തിയെന്നു സംശയിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ ലുക് ഔട് നോടീസ് പതിക്കാന്‍ കേസന്വേഷണ സംഘം നടപടി സ്വീകരിച്ചു വരുന്നതിനിടയിയിലാണ് യുവതിയെ കണ്ടെത്തിയത്.

Post a Comment

0 Comments