Top News

അത്ഭുത ആയുര്‍വേദമരുന്ന് കണ്ണിലൊഴിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു

നെല്ലൂര്‍: അത്ഭുത ആയുര്‍വേദ മരുന്ന് കഴിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കോവിഡ് രോഗം ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലുള്ള വിരമിച്ച പ്രധാനഅധ്യാപകന്‍ കൂടിയായിരുന്ന എന്‍ കോട്ടയ്യയാണ് തിങ്കളാഴ്ച മരിച്ചത്. നെല്ലൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]


വെള്ളിയാഴ്ച ഓക്സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്ധ്രയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അത്ഭുത മരുന്ന് കഴിച്ച് കൊവിഡ് ഭേദമായി എന്ന് അവകാശപ്പെട്ട വ്യക്തിയായിരുന്നു കോട്ടയ്യ.

ഇയാളുടെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധിയാളുകളാണ് സൌജന്യമായി വിതരണം ചെയ്തിരുന്ന അത്ഭുത ആയുര്‍വേദ മരുന്നിനായി കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് നെല്ലൂരിലെ കൃഷ്ണപട്ടണത്തിലെത്തിയത്. കൃഷ്ണപട്ടണം സ്വദേശിയായ ബി ആനന്ദയ്യായുടെ ഹെര്‍ബല്‍ ഐ ഡ്രോപ്പ് ഉപയോഗിച്ച് കോവിഡ് മുക്തി നേടിയെന്നായിരുന്നു ഇയാളുടെ വാദം.

ആനന്ദയ്യക്കൊപ്പമുള്ള മൂന്ന് പേര്‍ക്ക് കോവിഡ് പോസിറ്റീവായതായി ആന്ധ്രയിലെ ആരോഗ്യവകുപ്പ് വിശദമാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൌണും മറികടന്ന് നടന്നിരുന്ന മരുന്ന് വിതരണം സര്‍ക്കാര്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു.

എന്നാല്‍ ഈ മരുന്നിന്‍റെ വിതരണത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി അനുമതി നല്‍കി. മരുന്നിന്‍റെ ഫലത്തേക്കുറിച്ചും ബി ആനന്ദയ്യയുടെ യോഗ്യതയേക്കുറിച്ചും പരാതി ഉയര്‍ന്നതോടെ മരുന്ന് പരിശോധനയ്ക്ക് അയച്ചിരുന്നു. സിസിആര്‍എഎസിന്‍റെ പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് മരുന്നിന് വീണ്ടും വിതരണാനുമതി നല്‍കിയത്.

മരുന്ന് ഉപയോഗിക്കുന്നത് അപകടമുണ്ടാക്കുന്നതല്ലെന്നായിരുന്നു സിസിആര്‍എഎസിന്‍റെ പരിശോധനാഫലം. എന്നാല്‍ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നിന് വിതരണാനുമതി നല്‍കിയിട്ടില്ല. ഇതിന്‍റെ പരിശോധനാഫലം ഇതുവരെ വന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. കണ്ണിലൊഴിക്കുന്ന മരുന്നും കഴിക്കുന്നതുമായ ആയുര്‍വേദ മരുന്നാണ് കോവിഡ് രോഗത്തെ ഭേദപ്പെടുത്തുന്ന അത്ഭുത മരുന്നെന്ന പേരില്‍ ആന്ധ്ര പ്രേദേശില്‍ വ്യാപക പ്രചാരം നേടിയത്.

Post a Comment

Previous Post Next Post