NEWS UPDATE

6/recent/ticker-posts

‘കോപ്പിയടിച്ചപ്പോള്‍ സംഭവിച്ച പിഴവ്’; ലക്ഷദ്വീപ് ഡ്രാഫ്റ്റിനെക്കുറിച്ച് ബിജെപി നേതാവ്

തിരുവനന്തപുരം: ലക്ഷദ്വീപിലെ വിവാദ കരടിലെ നിര്‍ദേശങ്ങള്‍ മറ്റെവിടെ നിന്നോ കോപ്പിയടിച്ചപ്പോള്‍ പറ്റിയ പിഴവായിരിക്കാമെന്ന് ബിജെപി നേതാവ് അബ്ദുള്‍ ഖാദര്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ്‌ അബ്ദുള്‍ ഖാദര്‍ ഇക്കാര്യം പറഞ്ഞത്.[www.malabarflash.com]

ഭൂനിയമം, ബീഫ് നിരോധനം, ഗുണ്ടാ ആക്ട് എന്നിവ നടപ്പാക്കാന്‍ ഉദേശിക്കുന്നില്ലെന്ന അബ്ദുള്‍ ഖാദറിന്റെ പരാമര്‍ശത്തിന് പിന്നാലെ, പിന്നെ എന്തിനാണ് അവ ഡ്രാഫ്റ്റ് ആയി രൂപപ്പെടുത്തിയതെന്ന അവതാരകന്റെ ചോദ്യത്തിനാണ് ബിജെപി നേതാവിന്റെ മറുപടി.

അബ്ദുള്‍ ഖാദര്‍ പറഞ്ഞത്: ”ഭൂനിയമം, ബീഫ് വിഷയം, ഗുണ്ടാആക്ട് എന്നിവയായിരുന്നു ലക്ഷദ്വീപ് ബിജെപിയെ പ്രധാനമായും ആശങ്കപ്പെടുത്തിയത്. അവിടെ ഗുണ്ടകളൊന്നുമില്ല. ശാന്തസുന്ദരമായ മനോഹരമായ സ്ഥലമാണല്ലോ. അവിടെ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ലല്ലോ എന്ന് അമിത് ഷാ ഞങ്ങളോട് പറഞ്ഞു. ഈ വിഷയങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞത് ഇത് കരട് നിയമത്തിലുള്ളതാണ്. അതില്‍ മാറ്റം വരുത്താമല്ലോ, അതെല്ലാം നമ്മള്‍ തിരുത്തും എന്നാണ് അമിത് ഷാ എടുത്ത് എടുത്ത് പറഞ്ഞത്. ഭൂനിയമം, ബീഫ് വിഷയം, ഗുണ്ടാനിയമം എന്നിവ സംബന്ധിച്ച ആശങ്കകളെല്ലാം പരിഹരിച്ചു തരാമെന്ന് അമിത് ഉറപ്പുനല്‍കി.”

അബ്ദുള്‍ ഖാദറിന്റെ ഈ മറുപടിക്ക് ശേഷം ഇതൊന്നും നടപ്പാക്കാന്‍ ഉദേശിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ഇതെല്ലാം ഡ്രാഫ്റ്റ് ആയി രൂപപ്പെടുത്തിയതെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി: ”അത് ഏതോ ഒന്നില്‍ നിന്ന് കോപ്പിയടിക്കുമ്പോള്‍ സാധാരണ പറ്റാറുള്ള തെറ്റുകളില്‍ പെട്ടതാണെന്നാണ് ഞാന്‍ സംശയിക്കുന്നത്.” അവതാരകന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കൂടുതല്‍ പറയാന്‍ തയ്യാറല്ലെന്നും സര്‍ക്കാരിന്റെ കാര്യങ്ങളില്‍ പലതുമുണ്ടാകുമെന്നായിരുന്നു അബ്ദുള്‍ ഖാദറിന്റെ പ്രതികരണം.

Post a Comment

0 Comments