Top News

‘തിരക്കിട്ട് പ്രതിപക്ഷ നേതാവിനെ ഉണ്ടാക്കിയിട്ട് എന്ത് കാര്യം?” ചോദ്യവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസറകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തെക്കുറിച്ചും, സംഭവിച്ച പാളിച്ചകള്‍ തിരുത്താനുമാണ് നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.[www.malabarflash.com]


പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് അല്ല പ്രധാനആവശ്യം. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ഇമേജ് എങ്ങനെ വീണ്ടെടുക്കാമെന്നതാണ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ പലതും ഇടത് പക്ഷത്തിന് പോയി. എന്തുകൊണ്ട് അത് സംഭവിച്ചു, അവരെ എങ്ങനെ മടക്കി കൊണ്ടുവരാം, ആര് വിചാരിച്ചാല്‍ അത് നടക്കും, തുടങ്ങിയ കാര്യങ്ങളാണ് ആദ്യം പരിശോധിക്കേണ്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്: ”പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് വൈകുന്നില്ല. ഇനി എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കണം. സ്പീക്കറെയും തെരഞ്ഞെടുക്കണം. 24നും 25നും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വേണമെന്നില്ല. സഭാസമ്മേളനം തുടങ്ങുമ്പോള്‍ മാത്രമാണ് ആവശ്യം. 

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ആഴം വളരെ വലുതാണ്. അതുകൊണ്ട് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് അല്ല പ്രധാനആവശ്യം, കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ഇമേജ് എങ്ങനെ വീണ്ടെടുക്കാമെന്നതാണ്.”

”കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ പലതും ഇടത് പക്ഷത്തിന് പോയി. എന്തുകൊണ്ട് അത് സംഭവിച്ചത്. അവരെ എങ്ങനെ മടക്കി കൊണ്ടുവരാം. ആര് വിചാരിച്ചാല്‍ അത് നടക്കും. 21 എംഎല്‍എമാരെ ബാധിക്കുന്ന പ്രശ്‌നമല്ല, പ്രതിപക്ഷ നേതാവിന്റെ പ്രശ്‌നം. കേരളത്തിലെ കോണ്‍ഗ്രസുകാരെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണത്. അതുകൊണ്ട് അത് ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല. അഴിച്ചുപണി ആവശ്യമാണെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അവരത് ആഗ്രഹിക്കുന്നു. അതിന്റെ പ്രതിഫലനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത്. എന്തുകൊണ്ടാണിത് നേതാക്കള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത്. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി നേതാക്കള്‍ പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് അധികാരത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കൂ. അതുകൊണ്ട് പ്രതിപക്ഷ നേതാവിനെ തിരക്കിട്ട് തെരഞ്ഞെടുത്തിട്ട് കാര്യമില്ല.”

”പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ആ മുഖ്യമന്ത്രിക്കെതിരെ ഏറ്റവും നന്നായി പ്രവര്‍ത്തിച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തല. എന്നിട്ടും കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ആ പരാജയത്തിന്റെ കാരണമാണ് കണ്ടെത്തേണ്ടത്. അതിന് പരിഹാരമാണ് വേണ്ടത്. അല്ലാതെ തിരക്കിട്ട് പ്രതിപക്ഷ നേതാവിനെ ഉണ്ടാക്കിയിട്ട് എന്ത് കാര്യം. 

കോണ്‍ഗ്രസിന് ശാപമായി ഗ്രൂപ്പുകള്‍ മാറി. അതുകൊണ്ട് പാര്‍ട്ടിയെ അതില്‍ നിന്ന് കരകയറ്റാനുള്ള കാര്യങ്ങളാണ് നോക്കേണ്ടത്. പണമുള്ള, ആള്‍ബലമുള്ള, കായിക ബലമുള്ള കോര്‍പ്പറേറ്റ് പാര്‍ട്ടിയായ സിപിഐഎമ്മിനെ നേരിടാന്‍ കോണ്‍ഗ്രസ് ശക്തമാണോ, അതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. 

കേരളാ രാഷ്ട്രീയത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹം കോണ്‍ഗ്രസിന്റെ രാഷ്ട്രീയസാഹചര്യം മനസിലാക്കി, വളരെ അനുയോജ്യമായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസം. എന്തുമാറ്റം വേണമെന്ന് അദേഹത്തെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. അദ്ദേഹം മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.”

Post a Comment

Previous Post Next Post