Top News

500 രൂപയ്ക്ക് വാക്സിന്‍ മറിച്ചുവിറ്റു; ഡോക്ടറുൾപ്പെടെ പിടിയിലായത് മൂന്ന് പേ‍ർ

ബെംഗളൂരുു: കർണാടകത്തില്‍ കോവിഡ് വാക്സിന്‍ മറിച്ചുവിറ്റ ഡോക്ടറുൾപ്പെടെ മൂന്നുപേർ ബെംഗളൂരു പോലീസിന്‍റെ പിടിയില്‍. പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വിതരണത്തിനെത്തിച്ച വാക്സിന്‍ 500 രൂപയ്ക്കാണ് ഇവർ മറിച്ചു വിറ്റിരുന്നത്. വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകളുടെ വിതരണവും, കരിഞ്ചന്തയിലെ കോവിഡ് മരുന്നു വില്‍പനയും നഗരത്തില്‍ തുടരുകയാണ്.[www.malabarflash.com]


ബെംഗളൂരു മഞ്ജുനാഥനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. ഇവിടെ കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുൾപ്പെടെ മൂന്ന് പേരാണ് പോലീസിന്‍റെ പിടിയിലായത്. ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച വാക്സിന്‍ ഡോക്ടർ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തി.

തുടർന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്തെന്നും പോലീസ് പറയുന്നു. ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ 500 രൂപയ്ക്കാണ് സംഘം മറിച്ചുവിറ്റിരുന്നത്. ഏപ്രില്‍ 23 മുതല്‍ സംഘം തട്ടിപ്പ് തുടരുന്നുണ്ടെന്നും ബെംഗളൂരു വെസ്റ്റ് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നല്‍കിവന്നിരുന്ന രണ്ട് ഡോക്ടർമാരടങ്ങുന്ന സംഘത്തെയും പോലീസ് പിടികൂടി. ചാമരാജ് പേട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഇവരുടെ തട്ടിപ്പ്. ഡോ. ബി ശേഖർ, പ്രജ്വല, ജി കിഷോർ, വൈ മോഹന്‍ എന്നിവരാണ് പിടിയിലായത്.

അത്യാവിശ്യ കോവിഡ് മരുന്നുകൾ ഉയർന്ന വിലയീടാക്കി ഇവർ കരിഞ്ചന്തയില്‍ മറിച്ചു വിറ്റിരുന്നതായും പോലീസ് കണ്ടെത്തി. റെഡെസിവിർ ഒരു വയല്‍ 25000 രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് പോലീസ് സംഘത്തെ കുടുക്കിയത്.

Post a Comment

Previous Post Next Post