Top News

ഫലസ്തീനികളെ തീവ്രവാദികളെന്ന് ആക്ഷേപിച്ച് ഉമ്മൻചാണ്ടി; വിവാദമായപ്പോൾ തിരുത്തി

തിരുവനന്തപുരം: ഇസ്‌റാഈലിനെതിരായ ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പ് തീവ്രവാദമാണെന്ന് സൂചിപ്പിച്ചുള്ള സാമൂഹിക മാധ്യമത്തിലെ അഭിപ്രായ പ്രകടനം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് തിരുത്തി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.[www.malabarflash.com]


ഇസ്‌റാഈലിലെ തീവ്രവാദ ആക്രമണം അങ്ങേയറ്റം വേദനാജനകമെന്നായിരുന്നു അദ്ദേഹം വൈകിട്ട് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്. ഇസ്‌റാഈലില്‍ ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന മലയാളിയായ സൗമ്യ കൊല്ലപ്പെട്ടതിലെ അനുശോചന കുറിപ്പിലാണ് തീവ്രവാദികളുടെ ആക്രമണമെന്ന പരാമര്‍ശമുണ്ടായത്.

എന്നാല്‍, ഫലസ്തീന്റെയും ഗാസയിലെ ഹമാസിന്റെയും ഇസ്‌റാഈലിനെതിരായ ചെറുത്തുനില്‍പ്പ് എങ്ങനെയാണ് തീവ്രവാദമാകുന്നതെന്നും കിഴക്കന്‍ ജറൂസലമിലും മസ്ജിദുല്‍ അഖ്‌സയിലുമടക്കം നരനായാട്ട് നടത്തിയ ഇസ്‌റാഈല്‍ അല്ലേ യഥാര്‍ഥ ഭീകരവാദികളുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യങ്ങളുയരുന്നു. കാലങ്ങളായി ഫലസ്തീനിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് പാരമ്പര്യം സംഘ്പരിവാര യുക്തിക്കനുസരിച്ച് മാറുകയാണോയെന്നും വിമര്‍ശനമുയർന്നു.

ഇതോടെ പോസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു മണിക്കൂര്‍ പിന്നിടും മുമ്പ് തീവ്രവാദികളെന്ന പരാമര്‍ശം അദ്ദേഹം തിരുത്തുകയായിരുന്നു.

Post a Comment

Previous Post Next Post