Top News

നാദാപുരം ഖാസി മേനക്കോത്ത് അഹമ്മദ് മുസ്‌ല്യാര്‍ അന്തരിച്ചു

കോഴിക്കോട്: നാദാപുരം ഖാസിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹമ്മദ് മുസ്‌ല്യാര്‍ അന്തരിച്ചു.[www.malabarflash.com] 

ജംഇയ്യത്തുൽ ഉലമ ജില്ലാ ട്രഷറർ, കേരള സുന്നീ ജമാഅത്ത് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, എസ്വൈഎഫ് കേന്ദ്ര സമിതി അംഗം, ജാമിഅ: ഫലാഹിയ്യ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, അരൂർ ദാറുൽ ഖൈർ, മഞ്ചേരി ദാറുസ്സുന്ന ഇസ്ലാമിക കേന്ദ്രം, നാദാപുരം ശംസുൽ ഉലമാ കീഴന ഓർ സ്മാരകകേന്ദ്രം എന്നിവയുടെ ഉപദേശക സമിതി അംഗം പുളിക്കൂൽ തൻവീറുൽ ഈമാൻ മദ്രസ കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ പദവികൾ വഹിക്കുന്നു. 

നിരവധി മദ്രസ കമ്മിറ്റികളുടെ ഉപദേശകസമിതി അംഗമാണ്. 40 വർഷമായി നാദാപുരം ഖാസിയായി സേവനമനുഷ്ഠിക്കുന്നു. നാദാപുരത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. ശംസുൽ ഉലമാ കീഴന ഓർ, മൗലാനാ കാടങ്കൂൽ കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, കണാരണ്ടി അമ്മദ് മുസ്ലിയാർ തുടങ്ങിയവരാണ് പ്രധാന ഗുരുവര്യർ. 

റൈഹാനത്ത്, ഹഫ്സത്ത്, പരേതനായ മുഹമ്മദ് ഖൈസ് മക്കളാണ്. അലി ദാരിമി വെള്ളമുണ്ട, നാസർ ഇയ്യാങ്കുടി, താഹിറ കുമ്മങ്കോട് ജാമാതാക്കളാണ്. 

നാദാപുരം എംവൈഎം യത്തീംഖാന, ടിഐഎം കമ്മിറ്റി, ഐഡിയൽ ഇസ്ലാമിക് സൊസൈറ്റി എന്നിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. വടകര താലൂക്ക് ജംഇയ്യത്തുൽ ഖുളാത്തിൻറെ പ്രസിഡണ്ടായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു. 

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി മൗലാനാ നജീബ് മൗലവി, സെക്രട്ടറി ചേലക്കാട് കെ കെ കുഞ്ഞാലി മുസ്‌ലിയാർ, എസ് വൈഎഫ് കേന്ദ്ര സമിതി ചെയർമാൻ കൊടക്കൽ കോയക്കുഞ്ഞി തങ്ങൾ, സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുള്ള, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി തുടങ്ങിയവർ വസതി സന്ദർശിച്ചു.

Post a Comment

Previous Post Next Post