Top News

‘ജനങ്ങള്‍ പരിഭ്രാന്തരാകരുത്‌’; കാസറകോട്ടേക്ക്‌ അഹമ്മദാബാദില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസറകോട്: കാസറകോട് ഓക്‌സിജന്‍ പ്രതിസന്ധിക്ക് കാരണം മംഗളൂരുവില്‍ നിന്നുള്ള വിതരണം നിലച്ചതാണെന്നും അഹമ്മദാബാദില്‍ നിന്ന് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍.[www.malabarflash.com]


ജില്ലയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കിലാണ്. നിലവിലെ ഓക്‌സിജന്‍ ആവശ്യം പരിഗണിക്കുമ്പോള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കുറവാണെന്നും എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓക്‌സിജന്‍ ചലഞ്ചിലൂടെ 160 ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. വാര്‍ത്തകളില്‍ ആളുകള്‍ വലിയ തോതില്‍ പരിയഭ്രാന്തരാകാതിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഓക്‌സിജന്‍ ക്ഷാമം അതാത് സമയങ്ങളില്‍ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും കൃത്യമായി അറിയിക്കുന്നുണ്ടെന്നും ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം ജില്ലയിലെ ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കാന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. വ്യാവസായിക രംഗത്തും മറ്റുമുപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകള്‍ ജില്ലയ്ക്ക് വേണ്ടി സംഭാവന ചെയ്യണമെന്നായിരുന്നു ജില്ലാ കളക്ടര്‍ ഡി സജിത് ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ അഭ്യര്‍ത്ഥന.

കാസറകോട് കിംസ് സണ്‍റൈസ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കോവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയ സംഭവത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയായ അരമന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് സെന്ററിലും ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post