NEWS UPDATE

6/recent/ticker-posts

കേരളം 5 വര്‍ഷമായി വര്‍ഗീയ കലാപം നടക്കാത്ത നാട്; യു.പിയിലെ സ്ഥിതി അതാണോ ? -പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തെപ്പോലെ സാക്ഷരവും സംസ്‌കാര സമ്പന്നരായ ജനങ്ങള്‍ അധിവസിക്കുന്നതുമായ നാട് അരാജകത്വത്തിലാണെന്ന് പറയുന്നവര്‍ ഈ നാടിനെ മനസിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com]

കേരളം എല്ലാ കാര്യത്തിലും വളരെ പിന്നിലാണെന്നും ഇവിടെ ആകെ കുഴപ്പങ്ങളാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ വന്ന് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപവും നടക്കാത്ത നാടാണ് കേരളം. യു.പിയുടെ സ്ഥിതി അതാണോ ? എത്ര വര്‍ഗീയ കലാപവും വിദ്വേഷ പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് യുപിയിലാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്തിടെ ഒരു ഡിഎസ്പിയടക്കം എട്ട് പോലീസുകാരാണ് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതും യുപിയിലാണ്. 


കഴിഞ്ഞ നാലു വര്‍ഷത്തിനിടെ യുപിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 676 ശതമാനംവരെ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, രാജ്യത്തുതന്നെ ഏറ്റവുംകൂടുതല്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. അഴിമതി തുടച്ചു നീക്കുന്നതിന് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയ സര്‍ക്കാരാണ് ഇവിടെയുള്ളത്. അതിന്റെ ഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നു. 

എന്നാല്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് യുപിയിലാണെന്ന് പറഞ്ഞത് അവിടുത്തെ ബിജെപി എംഎല്‍എ ശ്യാം പ്രകാശാണ്. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് തന്റെ വകുപ്പിലാണെന്ന് യുപി വൈദ്യുതി മന്ത്രി ശ്രീകാന്ത് ശര്‍മ 2021 ജനുവരിയില്‍ പറഞ്ഞു. 

കേരളത്തിലെ യുവാക്കള്‍ ജോലി കിട്ടാതെ നാടുവിടുന്നുവെന്നാണ് യോഗി ആദിത്യനാഥിന്റെ മറ്റൊരു കണ്ടെത്തല്‍. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ ലോകത്തെവിടെയും തൊഴില്‍തേടി പോകുന്നത് അവര്‍ക്ക് ലോകത്തെവിടെയും തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ളതുകൊണ്ടാണ്. എന്നാല്‍ കേരളത്തില്‍ വരുന്ന അതിഥി തൊഴിലാളികളില്‍ 15 ശതമാനം പേരും യുപിയില്‍നിന്ന് ഉള്ളവരാണ്. ജോലികിട്ടാതെ നാടുവിടുന്നവരാണോ അവരെല്ലാം ? ഇന്‍ഷുറന്‍സ് പരിരക്ഷയടക്കം മികച്ച സൗകര്യങ്ങള്‍ കേരളത്തില്‍ അവര്‍ക്ക് ലഭിക്കുന്നു. അവരോട് ചോദിച്ചാല്‍ കേരളത്തെപ്പറ്റി മനസിലാക്കാം. 

കേരളത്തില്‍ കോവിഡ് ടെസ്റ്റുകള്‍ ഒരുകോടി പത്ത് ലക്ഷം കടന്നു. കേരളത്തെക്കാള്‍ ആറിരട്ടി ജനസംഖ്യയുള്ള യുപിയില്‍ ഏകദേശം മൂന്ന് കോടി പരിശോധനകളാണ് നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് മരണങ്ങള്‍ തടയുന്നതില്‍ യുപി പിന്നാലാണ്. എന്നാല്‍ മരണ നിരക്ക് പിടിച്ചു നിര്‍ത്തുന്നതില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. 

കേരളത്തിന് കേന്ദ്രത്തിന്റെ പണം മാത്രം മതിയെന്നാണ് യുപി മുഖ്യമന്ത്രിയുടെ ആരോപണം. എന്നാല്‍ കേരളത്തിന് അര്‍ഹമായ നികുതി വരുമാനം പോലും നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ജിഎസ്ടി ഏര്‍പ്പെടുത്തിയതിനുശേഷം കേന്ദ്രം ഒരു രൂപ നികുതി പിരിച്ചാല്‍ 50 പൈസപോലും കേരളത്തിന് ലഭിക്കുന്നില്ല. എന്നാല്‍ കേരളം പുതിയ വികസന സംസ്‌കാരം സൃഷ്ടിച്ചു. സ്‌കൂളുകളും, റോഡുകളും, പാലങ്ങളും, ആശുപത്രികളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കിഫ്ബി ധനസഹായത്തോടെ യാഥാര്‍ഥ്യമാക്കി. 

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. 2016 - 2020 കാലയളവില്‍ മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ യു.പിയെ മാതൃകാ സംസ്ഥാനമാക്കി മാറ്റിയെന്നാണ് യോഗി പറയുന്നത്. ഏതായാലും കേരളം ആ മാതൃകയല്ല പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments