Top News

നവാഗതരായ വിദ്യാര്‍ഥികളെ ക്രൂരമായി റാഗിങ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികള്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: നവാഗതരായ വിദ്യാര്‍ഥികളെ റാഗിങ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികള്‍ മംഗളൂരു സിറ്റി പോലീസ് പിടിയിലായി. ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്വകാര്യ കോളജിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് പിടിയിലായത്.[www.malabarflash.com]

അബ്ദുല്‍ ബാസിത്ത്, കെ.എസ് അക്ഷയ്, ജെറോണ്‍ സിറില്‍, ആഷിന്‍ ബാബു, ജാബിന്‍ മഹറൂഫ്, മുഹമ്മദ് ഷമ്മാസ്, റോബിന്‍ ബിജു, മുഹമ്മദ് സൂരജ്, അബ്ദുല്‍ അനസ് മുഹമ്മദ്, ജാഫിന്‍ റോയിച്ചന്‍ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും മലയാളികളായ ഫിസിയോതെറാപ്പി, നഴ്‌സിംഗ് പഠന വിദ്യാര്‍ത്ഥികളാണ്. 

 നവാഗതരായ വിദ്യാര്‍ഥികളുടെ മീശ മുറിച്ചു മാറ്റി. പിന്നീട് പരസ്പരം മുടി മുറിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ചു. ചില വിദ്യാര്‍ഥികളെ ശാരീരികമായി ആക്രമിച്ചുവെന്നും പരാതിയുണ്ട്. തീപ്പെട്ടി ഉപയോഗിച്ച് എല്ലാ ക്ലാസ് റൂമും അളപ്പിക്കുകയും പ്രതികള്‍ ചെയതുവെന്ന് പോലീസ് പറഞ്ഞു. 

സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തെ തുടര്‍ന്ന് ഇരയായവര്‍ ആദ്യം കോളജ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.എന്നാല്‍ അവര്‍ പരാതി തള്ളുകയായിരുന്നു. പീഡനം തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ശശി കുമാര്‍ പറഞ്ഞു. 



അതേ സമയം ഇത്തരത്തില്‍ പീഡനം നേരിടുന്ന വിദ്യാര്‍ഥികള്‍ യാതൊരു മടിയും കൂടാതെ തന്‍റെ ഓഫീസിനെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

റാഗിംഗ് മൂലം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത നിരവധി സംഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 18 വിദ്യാര്‍ഥികളെ ചോദ്യം ചെയ്ത ശേഷം 11 വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റുചെയ്തത്. 

കഴിഞ്ഞ വര്‍ഷം ഇതേ സ്ഥാപനത്തില്‍ റാഗിംഗ് ചെയ്തതിന് എട്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. എട്ടുമെഡിക്കല്‍ കോളേജുകള്‍, 12 എഞ്ചിനീയറിംഗ് കോളേജുകള്‍, 30 പ്രൊഫഷണല്‍ കോഴ്‌സുകള്‍, 900 സ്‌കൂളുകളും കോളേജുകളും അടക്കം രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുമുള്ള ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് മംഗളൂരു.

Post a Comment

Previous Post Next Post