കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജനകീയ അന്വേഷണ കമ്മീഷന്‍ എന്ന പേരില്‍ നടത്തിയ ദുരാരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പ്രമുഖ കരാറുകാരനും പൊതുപ്രവര്‍ത്തകനുമായ കെ മൊയ്തീന്‍കുട്ടി ഹാജി.[www.malabarflash.com]
കഴിഞ്ഞ 19 ന് കോഴിക്കോട് പ്രസ് ക്ലബ്ബിലാണ് ജനകീയ അന്വേഷണ കമ്മീഷന്‍ ഭാരവാഹികള്‍ മൊയ്തീനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പി എ പൗരന്‍, എല്‍ സി ജോര്‍ജ്, ടി വി രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് കമ്മീഷൻ്റെ അന്വേഷണം അറിയിച്ചത്.
ഭാരവാഹികളുടെ ദുരാരോപണങ്ങള്‍ക്കെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി മൊയ്തീന്‍കുട്ടി ഹാജി സി കെ ശ്രീധരന്‍ മുഖേന ജനകീയാന്വേഷണ കമ്മീഷന്‍ ഭാരവാഹികള്‍ക്ക് നോട്ടീസ് അയച്ചു.
ചെമ്പിരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഏതുതരം അന്വേഷണത്തെയും പിന്തുണച്ചുകൊണ്ടിരിക്കുകയാണെന്ന് മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു. അന്വേഷണത്തിനിടെ ദുഷ്ടലാക്കോടെ തൻ്റെ പേര് വലിച്ചിഴച്ചത് ദുരുദ്ദേശപരമാണ്. ഖാസിയുടെ മൃതദേഹം കണ്ടെത്തിയ ചെമ്പിരിക്ക കടുക്കകല്ലില്‍ ഫോറന്‍സിക് വിദഗ്ദന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയോടൊപ്പം താന്‍ പോയി എന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ ഡോ. ഗോപാലകൃഷ്ണപിള്ളയെ തനിക്ക് നേരിട്ട് അറിയുക പോലുമില്ലെന്ന് മൊയ്തീന്‍കുട്ടി ഹാജി വ്യക്തമാക്കി.
ഖാസിയുടെ കൈവശം ഉണ്ടായിരുന്ന എയ്ഡഡ് സ്‌കൂള്‍ കൈക്കലാക്കിയെന്നും അതിലെ നിയമനം വഴി കോടികള്‍ സമ്പാദിച്ചുവെന്നുമാണ് മറ്റൊരു ആരോപണം. മലബാര്‍ ഇസ്ലാമിക് സെൻ്ററിൻ്റെ കീഴില്‍ എയ്ഡഡ് സ്‌കൂളുകള്‍ ഇല്ല എന്നു മാത്രമല്ല എംഐസിക്കു കീഴിലുള്ളത് സ്വാശ്രയ കോളേജാണ് എന്നതാണ് വാസ്തവം. വസ്തുതകള്‍ ഇതായിരിക്കെ വര്‍ഷങ്ങളായി പൊതുസമൂഹത്തില്‍ മാന്യമായി പ്രവര്‍ത്തിച്ചികൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ തന്നെ തോജോവധം നടത്തുകയാണ് അന്വേഷണ കമ്മീഷന്‍ ചെയ്തതെന്ന് മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു.
കാര്യങ്ങള്‍ മനിസിലാക്കാതെും പഠിക്കാതെയും ദുഷ്ടലോക്കോടെ അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ അസംബന്ധങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്നാണ് ജനകീയ അന്വേഷണ കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഈ മരണത്തില്‍ ഒത്തുകളി നടത്തിയതായും കമ്മീഷന്‍ അംഗങ്ങള്‍ ആരോപിച്ചു.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജനകീയ കമ്മീഷന്‍ കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. സിബിഐ സമര്‍പ്പിച്ച റിപോര്‍ട്ട് രണ്ടുതവണ പ്രത്യേക കോടതി മടക്കിയതിനെ തുടര്‍ന്നാണ് സി എം മൗലവി ജനകീയ അക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥിൻ്റെയും ചീഫ് കോഓഡിനേറ്റര്‍ യൂസുഫ് ഉദുമയുടെയും കമ്മിറ്റിയുടെയും ആവശ്യപ്രകാരം ജനകീയ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത്.
0 Comments