അമ്പലവയല്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചെന്നാരോപിച്ച് മുസ്ലീം ലീഗ് രംഗത്ത്. സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ലീഗ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.[www.malabarflash.com]
അമ്പലവയല്‍ പഞ്ചായത്തിലെ കുപ്പമുടി വാര്‍ഡിലാണ് സംഭവം. ഇവിടെ യുഡിഎഫിനായി മുസ്ലീം ലീഗായിരുന്നു മത്സരിച്ചത്. എന്നാല്‍ ലീഗ് പരാജയപ്പെടുകയായിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് വോട്ട് മറിച്ചതാണ് തോല്‍വിക്ക് കാരണമെന്നാണ് ലീഗിന്റെ ആരോപണം.
‘നാലാം വാര്‍ഡില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൂടെ നടന്ന് വന്‍ ഭൂരിപക്ഷത്തോടെ കാലുവാരി തോല്‍പ്പിച്ച ചില കോണ്‍ഗ്രസുകാര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍. നീല്‍ സലാം’ എന്നായിരുന്നു ഫ്‌ലക്‌സില്‍ കുറിച്ചത്. ഒപ്പം കോണി ചിഹ്നത്തില്‍ വോട്ട് ചെയ്തവരെ അഭിനന്ദിക്കാനും മറന്നില്ല.
20 വര്‍ഷം തുടര്‍ച്ചയായി യുഡിഎഫ് മത്സരിച്ച അമ്പലവയല്‍ പഞ്ചായത്ത് ഇത്തവണ യുഡിഎഫിന് നഷ്ടപ്പെടുകയായിരുന്നു. ഒരു സീറ്റിനാണ് ഇവിടെ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തത്. സീറ്റ് നഷ്ടപ്പെടാന്‍ കാരണം കോണ്‍ഗ്രസ് വോട്ട് മറിച്ചതാണെന്ന് ലീഗ് ആരോപിക്കുന്നു.
20 സീറ്റുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് 16 സീറ്റിലും 4 സീറ്റില്‍ ലീഗുമാണ് മത്സരിച്ചത്. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് എട്ട് സീറ്റിലും ലീഗ് ഒരു സീറ്റിലും ഒതുങ്ങി.
0 Comments