NEWS UPDATE

6/recent/ticker-posts

14-ല്‍ 11 ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് അധികാരത്തിലേറി; വയനാട് നറുക്കെടുപ്പിലൂടെ യുഡിഎഫിന്

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി. മൂന്നിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് അധികാരം ലഭിച്ചത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്ന വയനാട്ടില്‍ യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് അധികാരം നേടിയത്.[www.malabarflash.com]


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ഭരണമുള്ളത്. മലപ്പുറം, എറണാകുളും, വയനാട് എന്നിവിടങ്ങളില്‍ യുഡിഎഫ് ഭരണവും. കാസര്‍കോട്ടെ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ നേടിയത് മാത്ര മാത്രമാണ് സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സാന്നധ്യമായി പറയാനുള്ളത്.

പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഡി.സുരേഷ് കുമാര്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന് ഈ വിഭാഗത്തില്‍ ആരും ഇല്ലാത്തിനാലാണിത്.

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡി എഫിലെ സാം കെ ഡാനിയലിനെ തിരഞ്ഞെടുത്തു. 26 അംഗങ്ങളില്‍ 22 വോട്ട് സാമിന് ലഭിച്ചു.യുഡിഫ് സ്ഥാനാര്‍ഥി ബ്രിജേഷ് എബ്രഹാമിനു 3 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി.

പത്തനംതിട്ടയില്‍ സിപിഎമ്മിലെ അഡ്വ.ഓമല്ലൂര്‍ ശങ്കരനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. 16 ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തില്‍ പന്ത്രണ്ടുസീറ്റും ഇടതുമുന്നണിക്കാണ്. കോണ്‍ഗ്രസിന് നാല് ഡിവിഷനുകളിലാണ് വിജയിക്കാനായത്.

ഇടുക്കി ജില്ലാ പ്രസിഡന്റായി എല്‍ഡിഎഫിലെ ജിജി കെ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായ ജിജി കെ ഫിലിപ്പ് പാമ്പാടുംപാറ ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എട്ട് വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അഞ്ച് വോട്ടും ലഭിച്ചു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.ജി.രാജേശ്വരി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 23 അംഗ ഡിവിഷനുകളില്‍ 21 ഇടങ്ങളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നത്. യുഡിഎഫിന് രണ്ടു സീറ്റുകള്‍ മാത്രമെ ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ലഭിച്ചിട്ടുള്ളൂ.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി യു. ഡി. എഫിലെ ഉല്ലാസ് തോമസിനെ തിരഞ്ഞെടുത്തു. 16 വോട്ടുകള്‍ ആണ് ഉല്ലാസ് നേടിയത്. രണ്ട് അംഗങ്ങള്‍ വോട്ട് എടുപ്പില്‍ നിന്നും വിട്ടുനിന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. എസ് അനില്‍കുമാര്‍ 9 വോട്ടുകള്‍ നേടി.

കാസര്‍കോട് സിപിഎമ്മിലെ ബേബി ബാലകൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിര്‍ സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ ജമീല സിദ്ദിഖിനെ ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബേബിക്ക് എട്ട് വോട്ടും ജമീലക്ക് ഏഴ് വോട്ടും ലഭിച്ചു. രണ്ട് അംഗങ്ങളുള്ള ബിജെപി വിട്ടു നിന്നു. ആകെ 17 അംഗങ്ങളാണ് ജില്ല പഞ്ചായത്തിലുള്ളത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിംലീഗിലെ എം കെ റഫീഖ തെരഞ്ഞെടുക്കപ്പെട്ടു. ലീഗിലെ ഇസ്മായില്‍ മൂത്തേടമാണ് വൈസ്പ്രസിഡന്റ്. ആനക്കയം ഡിവിഷനില്‍ നിന്ന് ജയിച്ച റഫീഖ പുലാമന്തോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് അഞ്ചും സീറ്റുകളാണ് ഉള്ളത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാനത്തില്‍ ജമീലയെ തിരഞ്ഞെടുത്തു.ജമീലക്ക് 18 വോട്ട് ലഭിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് എട്ട് വോട്ട് ലഭിച്ചു. ഒരു യുഡിഎ് അംഗത്തിന് കോവിഡായതിനാല്‍ പങ്കെടുത്തില്ല.27 ഡിവിഷനില്‍ 18 എല്‍ഡിഎഫിനും 9 യുഡിഎഫിനുമാണ്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി പി ദിവ്യയെ തിരരഞ്ഞെടുത്തു. യു ഡി എഫിലെ ലിസി ജോസഫിനെയാണ് പരാജയപ്പെടുത്തിയത്. ദിവ്യയ്ക്ക് ഇരുപത്തിമൂന്നില്‍ 16 വോട്ട് ലഭിച്ചു. ലിസി ജോസഫിന് ഏഴ് വോട്ടാണ് കിട്ടിയത്.

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി കെ ഡേവിസിനെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജോസഫ് ടാജറ്റിനെയാണ് പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന് 24 വോട്ടും യുഡിഎഫിന് 5 വോട്ടും ലഭിച്ചു.

സിപിഎമ്മിലെ കെ. ബിനുമോള്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു .30 ല്‍ 27 വോട്ട് നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിനുമോളുടെ വിജയം. എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ മെഹര്‍ബാന് മൂന്ന് വോട്ടു ലഭിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ സംഷാദ് മരക്കാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. എല്‍ ഡി എഫിനും യുഡിഎഫിനും എട്ട് വീതം സീറ്റുകളാണ് ഉണ്ടായിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മ്മല ജിമ്മി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് ഭരണമായിരുന്നു. നിര്‍മ്മലക്ക് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി രാധ വി നായര്‍ക്ക് 7 വോട്ടും ലഭിച്ചു. ജനപക്ഷം അംഗം ഷോണ്‍ ജോര്‍ജ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Post a Comment

0 Comments