കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള നേതാവാണ് പാസ്വാൻ. രാജ്യത്തെ പ്രമുഖ ദളിത് നേതാക്കളിൽ ഒരാളാണ്. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു പാസ്വാൻ വഹിച്ചിരുന്നത്.
പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു തൊട്ടു മുമ്പ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് പാസ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച അദ്ദേഹത്തെ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ബിഹാർ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നീക്കങ്ങളിൽ രാം വിലാസ് പാസ്വാനു പകരം മകൻ ചിരാഗ് ആണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.
സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായാണ് പാസ്വാൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എട്ട് തവണ ലോക്സഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1969 ൽ ബിഹാർ നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
0 Comments