Top News

സ്വയം ചികിത്സ അപകടം; 30 ശതമാനം യുവതി യുവാക്കള്‍ക്കും തീവ്ര കോവിഡ് ബാധ

മുംബൈ: തീവ്ര കോവിഡ് ബാധിതരായി നേരിട്ട് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന യുവതി യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നു. 40 വയസ്സിന് താഴെയുള്ളവരാണ് രോഗം തീവ്രമായതിനെ തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്നവരില്‍ 30 ശതമാനവുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.[www.malabarflash.com]

രോഗലക്ഷണം കാണുമ്പോള്‍ സ്വയം ചികിത്സ നടത്തി പരിഹാരത്തിന് ശ്രമിക്കുന്നതാണ് ചെറുപ്പക്കാര്‍ക്കിടയില്‍ തീവ്ര രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മുംബൈയിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം ഐസിയുവില്‍ കഴിയുന്ന യുവതി യുവാക്കളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ധ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 

മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ കോവിഡ് സെന്ററില്‍ ഐസിയുവില്‍ കഴിയുന്നവരില്‍ 25 ശതമാനവും ചെറുപ്പക്കാരാണ്. ബോംബെ ആശുപത്രിയില്‍ 30 ശതമാനം പേരും ഫോര്‍ട്ടിസ് ആശുപത്രിയില്‍ 16 ശതമാനം പേരും 40 വയസ്സിന് താഴെയുള്ളവര്‍ തന്നെ. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 4.76 ശതമാനവും 40 വയസ്സിന് താഴെയുള്ളവരാണ് എന്നതും കണക്കുകള്‍ വ്യകത്മാക്കുന്നു.

നല്ല രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും സ്വയം ചികിത്സ തേടുന്ന യുവാക്കളുടെയും യുവതികളുടെയും എണ്ണം വര്‍ധിച്ചുവരുന്നതായി ബിഎംസിയിലെ കോവിഡ് സെന്റര്‍ ഡീന്‍ ഡോ. രാജേഷ് ദേരേ പറഞ്ഞു. 

രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ നാലോ അഞ്ചോ ദിവസം പാരസെറ്റമോള്‍ പോലുള്ള ഗുളികകള്‍ കഴിച്ച് സ്വയം ചികിത്സിക്കാന്‍ ശ്രമിക്കുകയും അതുകൊണ്ട് രോഗം ഭേദമാകുന്നില്ലെന്ന് കാണുമ്പോള്‍ മാത്രം ആശുപത്രിയില്‍ പോയി പരിശോധന നടത്തുകയുമാണ് ഭൂരിഭാഗം യുവതി യുവാക്കളും ചെയ്യുന്നത്. അതിനാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഇവരില്‍ രോഗവ്യാപനം തീവ്രസ്ഥിതിയില്‍ എത്തിയിരിക്കും. അതിനാല്‍ ഐസിയു ചികിത്സ അത്യാവശ്യമായി വരുന്നു. ചിലരാകട്ടെ വൈറസിനെ അതിജീവിക്കാനാകാതെ മരണത്തിനും കീഴടങ്ങുന്നു- ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു.

ലോക്ക്ഡൗണ്‍ ക്രമേണ ലഘൂകരിക്കുന്നതോടെ നിരവധി ചെറുപ്പക്കാര്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നത് നിര്‍ത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു. മാസ്‌ക്കുകള്‍ പലരും ധരിക്കുന്നില്ലല്ല, ചിലരാകട്ടെ സാമൂഹിക അകലം ലംഘിക്കുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും സ്വയം മരുന്ന് കഴിച്ച് രോഗം സങ്കീര്‍ണമാകുകയും അതിന് ശേഷം തീവ്രപരിചരണ വിഭാഗങ്ങളില്‍ നേരിട്ട് പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്യുന്നു.

Post a Comment

Previous Post Next Post