NEWS UPDATE

6/recent/ticker-posts

തലക്കാവേരിയില്‍ മണ്ണിടിഞ്ഞ് കാണാതായത് ഏഴുപേരെ, കാലാവസ്ഥ പ്രതികൂലം: തിരച്ചില്‍ നിര്‍ത്തി

മടിക്കേരി: കുടക് ജില്ലയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രവും കാവേരി നദിയുടെ ഉത്ഭവ സ്ഥാനവുമായ ബാഗമണ്ഡല തലക്കാവേരിയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് ഏഴുപേരെ കാണാതായി.[www.malabarflash.com]

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അഞ്ചിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായതായി പ്രദേശവാസികള്‍ പറഞ്ഞു. കനത്ത മഴ പ്രതികൂലമായി ബാധിച്ചതിനാല്‍ രാത്രിയോടെ തെരച്ചില്‍ നിര്‍ത്തി. വെള്ളിയാഴ്ച രാവിലെ മുതല്‍ വീണ്ടും തുടരും.

തലക്കാവേരി കാവേരി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ടി.എസ് നാരായണ ആചാരി (70), ഭാര്യ ശാന്ത ആചാരി (68), ശാന്തയുടെ സഹോദരന്‍ ആനന്ത തീര്‍ത്ഥ സ്വാമി, പ്രദേശവാസികളും സഹ പൂജാരിമാരുമായ രവി കിരണ്‍ ബട്ട്, ശ്രീനിവാസന്‍ പഡിലായ എന്നിവരെയാണു കാണാതായത്.
നാരായണ ആചാരി പതിവ് പൂജയ്ക്കു പുലര്‍ച്ചെ എത്താത്തതിനെ തുടര്‍ന്നു ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ എത്തിയപ്പോഴാണു സംഭവമറിയുന്നത്.

30 ഏക്കറോളം വരുന്ന സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നു കുടക് ജില്ലാഭരണകൂടം വ്യക്തമാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. സോമണ്ണ, എം.എല്‍.എമാരായ അപ്പച്ചു രഞ്ജന്‍ (മടിക്കേരി), കെ.ജി ബൊപ്പയ്യ (വീരാജ്‌പേട്ട), കുടക് ഡെപ്യൂട്ടി കമ്മിഷണര്‍ ആനീസ് കണ്‍മണി ജോയ് എന്നിവര്‍ സ്ഥലത്തെത്തി.

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബാഗമണ്ഡല തലക്കാവേരി പ്രശസ്ത ടൂറിസം കേന്ദ്രം കൂടിയാണ്.

Post a Comment

0 Comments