Top News

എം വി ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക്; ജയം 88 വോട്ടുകള്‍ നേടി

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ എം വി ശ്രേയാംസ് കുമാറിന് ജയം. 88 വോട്ടുകളാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷനായ ശ്രേയാംസ് കുമാറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ട് മാത്രമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.[www.malabarflash.com] 

എം പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ശ്രേയാംസ് കുമാറിന് 2022 ഏപ്രില്‍ രണ്ടു വരെ രാജ്യസഭാംഗമായി തുടരാം. ആറ് എംഎൽഎമാർ വോട്ട് രേഖപ്പെടുത്തിയില്ല. വി എസ് അച്യുതാനന്ദന്‍, സിഎഫ് തോമസ്, ജോര്‍ജ് എം തോമസ്, ഒ രാജഗോപാൽ, റോഷി അഗസ്റ്റിന്‍, ഡോ. എന്‍ ജയരാജ് എന്നീ അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്താൻ എത്താതിരുന്നത്. ആരോഗ്യ കാരണങ്ങളാലാണ് വി എസ് അച്ചുതാനന്ദന്‍, സി എഫ് തോമസ്, ജോര്‍ജ് എം തോമസ് എന്നിവർ വോട്ട് ചെയ്യാൻ എത്താത്തത്.

രാഷ്‌ട്രീയ കാരണങ്ങളാലാണ് മറ്റുള്ളവർ വോട്ട് ചെയ്യാത്തത്. ഒ രാജഗോപാൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരള കോൺഗ്രസിലെ തർക്കത്തെ തുടർന്നാണ് റോഷി അഗസ്റ്റിന്‍, ഡോ. എന്‍ ജയരാജ് തുടങ്ങിയവർ വോട്ടെടുപ്പിൽ പങ്കെടുക്കാത്തത്. 

വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം തീരുമാനിച്ചിരുന്നു. ഇത് പ്രകാരം കേരള കോൺഗ്രസിലെ എല്ലാ അംഗങ്ങൾക്കും വിപ്പ് നൽകിയിരുന്നു. എന്നാൽ റോഷി അഗസ്റ്റിൻ നൽകിയ ഈ വിപ്പ് അവഗണിച്ച് പി ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവർ വോട്ട് രേഖപ്പെടുത്തി. 

കോവിഡ് നിരീക്ഷണത്തിലുള്ള മന്ത്രി കെ ടി ജലീലും, പിഎക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയും വോട്ട് രേഖപ്പെടുത്തി. ഇവർക്കായി പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. 130 വോട്ടുകളാണ് പോൾ ചെയ്‌തത്.

Post a Comment

Previous Post Next Post