NEWS UPDATE

6/recent/ticker-posts

പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ സുബൈദ കൊലക്കേസ് പ്രതി സുള്ള്യ അസീസിനെ കണ്ടെത്താനായില്ല; ലുക്ക് ഔട്ട് നോട്ടീസിറക്കി, വിവരം നല്‍കുന്നവര്‍ക്ക് 2 ലക്ഷം പാരിതോഷികം

ബേക്കല്‍: പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ സുബൈദ കൊലക്കേസ് പ്രതി സുള്ള്യ അസീസിനെ ഒരു വര്‍ഷം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പ്രതിയെ കണ്ടെത്താനായി ബേക്കല്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി.[www.malabarflash.com]

വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. കര്‍ണാടക സുള്ള്യ അജ്ജാവര സ്വദേശിയായ അസീസ് എന്ന സുള്ള്യ അസീസ് ആണ് ഇപ്പോഴും പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നത്.

കേരളത്തിലെയും കര്‍ണാടകയിലെയും പോലീസ് സ്റ്റേഷനുകളും വിമാനത്താവളങ്ങളും അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. 

2018 ജനുവരി 19ന് പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ(60) യെ കൈകാലുകള്‍ ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയാണ് അസീസ്. 

കേസില്‍ അസീസിനെയും മറ്റു പ്രതികളായ മധൂര്‍ പടല്‍കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍, പടല്‍കുതിരപ്പാടിയിലെ ബാവ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.
മറ്റൊരു കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് അസീസിനെ കര്‍ണാടകയിലെ കോടതിയില്‍ ഹാജരാക്കി തിരിച്ചുവരുന്നതിനിടെയാണ് സുള്ള്യ ടൗണില്‍ വെച്ച് പോലീസിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടത്. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വീഴ്ച വരുത്തിയ പോലീസുകാരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു. 

പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസീസിനെതിരെ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

Post a Comment

0 Comments