NEWS UPDATE

6/recent/ticker-posts

സൗദിയിൽ മാസ്​ക്​ ധരിക്കാത്ത മലയാളിക്ക്​ എട്ടുമണിക്കൂർ ജയിലും 2500 റിയാൽ പിഴയും

ദമ്മാം: ബൂഫിയയിൽനിന്ന്​​ ചായവാങ്ങാൻ മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക്​ എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും. ജോലിയുടെ  ഭാഗമായി ദമ്മാമിൽനിന്ന്​ റിയാദിൽ എത്തിയ എറണാകുളം സ്വദേശിയെയാണ്​ ചെറിയ അശ്രദ്ധ വലിയ പാഠം പഠിപ്പിച്ചത്​.[www.malabarflash.com]

കഴിഞ്ഞ ദിവസം പുലർച്ചയാണ്​ ഇദ്ദേഹം ദമ്മാമിൽനിന്ന്​ റിയാദിലേക്ക്​ കാറോടിച്ച്​ പോയത്​.  ഉറക്ക ക്ഷീണമുണ്ടായിരുന്നതിനാൽ റിയാദിലെ ഉലയായിൽ ഒരിടത്ത്​ വണ്ടി നിർത്തി ബൂഫിയയിൽ നിന്ന്​ ചായയും  സാൻറ്​വിച്ചും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. അതുവരെ ധരിച്ചിരുന്ന മാസ്​ക്​ കാറിൽ ഊരിവെച്ചു.​ ​രേഖകളടങ്ങുന്ന പഴ്​സും വണ്ടിയിൽ സൂക്ഷിച്ചാണ്​ ഇദ്ദേഹം  ബൂഫിയയിൽ​ എത്തിയത്​.

അൽപസമയത്തിനുള്ളിൽ പോലീസിന്റെ സ്​പെഷൽ സ്​ക്വാഡ്​ എത്തുകയും മാസ്​ക്​ ധരിക്കാത്തതി​​ന്റെ പേരിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
മാസ്​കും ഇഖാമയും വാഹനത്തിലാണെന്ന്​ പറഞ്ഞെങ്കിലും ര​ക്ഷപ്പെട്ടില്ല. മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങിയത്​​ കുറ്റകരമാണെന്നായിരുന്നു  പോലീസിന്റെ  മറുപടി.

ഇയാളെ പോലീസ് ​സ്​റ്റേഷനിൽ എത്തിക്കുകയും മെഡിക്കൽ നടത്തുകയും എട്ട്​ മണിക്കൂറിലധികം കസ്​റ്റഡിയിൽ സൂക്ഷിക്കുകയുമായിരുന്നു. ഇതിനിടയിലെല്ലാം നിലവിലെ സാഹചര്യത്തിൽ മാസ്​കും ഗ്ലൗസും ധരിക്കേണ്ടതി​​ന്റെ പ്രാധാന്യം ഒരോ പോലീസുകാരനും വിശദീകരിച്ചു.

മാസ്​ക്​ ധരിക്കാത്തതിന്​ 1000  റിയാലും കാർ പോലീസ് ​സ്​റ്റേഷനിൽ എത്തിച്ച ചെലവായി​ 1500 റിയാലും ചേർത്ത്​ 2500 റിയാൽ പിഴ ചുമത്തുകയായിരുന്നു. എട്ടുമണിക്കൂർ കൊണ്ട്​ ജീവിതത്തിൽ വലിയ പാഠമാണ്​ പഠിച്ചതെന്ന്​ ഇദ്ദേഹം പറഞ്ഞു. തുടർന്ന്​ പോലീസ്​ തന്നെ സ്​പോൺസറെ ബന്ധപ്പെട്ട്​ കാര്യങ്ങൾ വിശദീകരിച്ചശേഷം താക്കീത്​ നൽകി  വിട്ടയക്കുകയായിരുന്നു.

പോലീസും ആരോഗ്യ പ്രവർത്തകരും കോവിഡ്​ നിയന്ത്രിക്കാൻ പെടാപാടുപെടുമ്പോൾ ജനങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത്​  ഗുരുതരമായ കുറ്റമായിത്തന്നെയാണ്​ കണക്കാക്കുന്നതെന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥർ വ്യക്തമാക്കി. നിലവിൽ കോവിഡ്​ രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ  എല്ലാ ഇളവുകൾക്കൊപ്പവും സുരക്ഷ സംവിധാനങ്ങൾ പാലിക്കുന്നോ എന്നറിയാനുള്ള വ്യാപക പരിശോധനകളും നടക്കുന്നുണ്ട്​.

ദമ്മാമിലെ വിവിധ റോഡുകളിൽ  പരിശോധനകൾ നടത്തുകയും മാസ്​ക്​ ധരിക്കാതെ വാഹനമോടിച്ചവർക്ക്​ പിഴ നൽകുകയും ചെയ്യുന്നുണ്ട്​. മാസ്​ക്​ താടിയിൽ ധരിച്ചിരിക്കുന്നവ​ർക്ക്​ ബോധവത്​കരണ ക്ലാസുകളും പോലീസ്​ നൽകുന്നുണ്ട്​.

Post a Comment

0 Comments