NEWS UPDATE

6/recent/ticker-posts

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും വോട്ടർപട്ടികയാണ് അതാത് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ അന്തിമമാക്കി പ്രസിദ്ധീകരിച്ചത്.[www.malabarflash.com]

അന്തിമ വോട്ടർപട്ടികയിൽ ആകെ 2,62,24,501 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്. 1,25,40,302 പുരുഷൻമാർ, 1,36,84,019 സ്ത്രീകൾ, 180 ട്രാൻസ്ജെൻഡർമാർ എന്നിങ്ങനെയാണ് അന്തിമപട്ടികയിലെ വോട്ടർമാർ.

പുതിയതായി 6,78,147 പുരുഷന്മാർ, 8,01,328 സ്ത്രീകൾ 66 ട്രാൻസ്ജെൻഡർമാർ എന്നിങ്ങനെ 14,79,541 പേരെ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. മരണപ്പെട്ടവർ, സ്ഥിരതാമസമില്ലാത്തവർ തുടങ്ങിയ 4,34,317 വോട്ടർമാരെ കരട് പട്ടികയിൽനിന്ന് ഒഴിവാക്കി. ആഗസ്തിലും തെരഞ്ഞെടുപ്പിനുമുമ്പും വോട്ടർപട്ടിക വീണ്ടും പുതുക്കും.

മലപ്പുറം ജില്ലയിലെ എടയൂർ, എടപ്പാൾ എന്നീ ഗ്രാമ പഞ്ചായത്തുകൾ കോവിഡ് പ്രോട്ടോകോൾമൂലം അടച്ചിട്ടിരിക്കുന്നതിനാൽ അവ തുറക്കുന്ന മുറയ്ക്ക് വോട്ടർപട്ടിക പരിശോധനയ്ക്കു ലഭ്യമാക്കും. ജില്ലാതലത്തിലുള്ള വിവരങ്ങൾ അതാതു കലക്ടർമാർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർമാർ എന്നിവരിൽനിന്നു ലഭിക്കും.

2015ൽ 2.51 കോടി വോട്ടർമാരാണ് ആകെയുണ്ടായിരുന്നത്.വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശ സ്ഥാപനങ്ങളിലെ പോളിങ് സ്റ്റേഷൻ ക്രമീകരിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ പോളിങ് സമയം ഒരുമണിക്കൂർകൂടി നീട്ടുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ആലോചിക്കുന്നുണ്ട്. ഇതിനായി പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതി വേണ്ടിവരും. 

2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി പുതുക്കിയ കരട് പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. ലോക്ഡൗൺ സാഹചര്യത്തിലാണ് അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടത്.

Post a Comment

0 Comments