NEWS UPDATE

6/recent/ticker-posts

സൗദി ജയിലിൽ എത്തി പിതാവിനെ നേരിൽ കണ്ട് മടങ്ങിയ ആ ബാലൻ വിടപറഞ്ഞു

ഗൂഡല്ലൂർ: ഒൻപത് വർഷത്തിന് ശേഷം നടന്ന ആ പുനഃസ്സമാഗമത്തിന് ശേഷം തമിഴ്നാട് സ്വദേശിയായ സക്കീർ ഹുസൈൻ എന്ന ബാലൻ വിടപറഞ്ഞു; എന്നെന്നേക്കുമായി.[www.malabarflash.cm]

സൗദിയിലെ ജിസാനിൽ ജയിലിൽ കഴിഞ്ഞിരുന്ന പിതാവിനെ നേരിൽ കാണാൻ 9 വർഷത്തിന് ശേഷം സൗദിയിലെത്തി തന്റെ ആഗ്രഹം പൂർത്തീകരിക്കുകയും ഉംറ തീർഥാടനം നിർവഹിക്കുകയും ചെയ്തു മടങ്ങിയ സക്കീർ ഹുസൈൻ കൊടുവാലി (14)യാണ് മരണത്തിന് കീഴടങ്ങിയത്.

ഉദാരമതികളുടെ സഹകരണത്തോടെ ഉംറ നിർവഹിക്കാനെത്തിയ അർബുദ രോഗിയായ സക്കീറിന് സാമൂഹിക പ്രവർത്തകരാണ് തടവിൽ കഴിയുന്ന തന്റെ പിതാവിനെ കാണാനുള്ള അവസരമൊരുക്കിയത്. ഉംറ നിർവഹിക്കുകയും പിതാവിനെ കാണുകയും എന്നത് ഈ ബാലന്റെ ജീവിതാഭിലാഷമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു പുനഃസമാഗമം. പിതാവ് സൈദ് സലീം പിന്നീട് ജയിൽ മോചിതനായി നാടണഞ്ഞിരുന്നു.

ഖുർആൻ മനഃപാഠമാക്കുന്നതിന് പാടന്തറ മർകസ് ഹിഫ്ളുൽ ഖുർആൻ കോളജിൽ പഠിച്ച് കൊണ്ടിരിക്കെയാണ് അർബുദം പിടിപെടുന്നത്. അർബുദത്തിന് ചികിത്സയിലായിരിക്കെ മക്കയും മദീനയും കാണാനും ഉംറ നിർവഹിക്കാനുമുള്ള തന്റെ ആഗ്രഹം ഉദാരമതികൾ ഏറ്റെടുക്കുകയായിരുന്നു. ഇതാണ് ജയിൽ കഴിയുന്ന തന്റെ പിതാവിനെ കാണാനും വഴിവെച്ചത്.

മാതാവ് സഫിയ, പിതാമഹൻ മുഹമ്മദലി ഹാജി, പിതൃ സഹോദരൻ ഷിഹാബ് എന്നിവരും അന്നത്തെ സന്ദർശനത്തിൽ ഉണ്ടായിരുന്നു. ഖുർആൻ മുഴുവനായും മനഃപാഠമാക്കാനുള്ള തന്റെ ആഗ്രഹം പൂവണയാതെയാണ് തമിഴ്‌നാട് ഗൂഡല്ലൂർ ദേവർശോല സ്വദേശി സക്കീർ ഹുസൈൻ ഈ ലോകത്തോട് വിട വാങ്ങിയത്.

Post a Comment

0 Comments