NEWS UPDATE

6/recent/ticker-posts

കേരളത്തിൽ 16 പേർക്ക് കൂടി കോവിഡ്; ഏഴു പേര്‍ വിദേശത്തുനിന്ന് വന്നവര്‍

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വെള്ളിയാഴ്ച  16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആർക്കും രോഗമുക്തി ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.[www.malabarflash.com]

വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം പേർക്കുമാണ് കോവിഡ് പോസിറ്റീവായത്. ഇതിൽ 7 പേർ വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം റിപ്പോർട്ട് ചെയ്തത്. നിലവിൽ 80 പേരാണു ചികിത്സയിലുള്ളത്.

വിദേശത്തു നിന്ന് എത്തിയ 7 പേർക്കാണ് രോഗം. തമിഴ്നാട്ടിൽനിന്നെത്തിയ 4 പേർക്കും മുംബൈയിൽനിന്നെത്തിയ 2 പേർക്കും രോഗമുണ്ട്. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 

48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48287 പേർ വീടുകളിലും 538 പേർ ആശുപത്രിയിലുമാണ്. സമ്പർക്കംമൂലം രോഗവ്യാപന സാധ്യത വർധിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച സർക്കാർ ഓഫിസുകൾക്ക് അവധി നൽകുന്നതു തുടരണോ എന്ന് ആലോചിക്കും. ശനിയാഴ്ച പ്രത്യേകിച്ചു മാറ്റമില്ല. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ തുടരും.

‌122 പേരെ ഇന്ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കൂടുതൽ പേർ മലപ്പുറത്താണ് – 36 പേർ. വയനാട്ടിൽ 19 പേരെയും കോഴിക്കോട്ട് 17 പേരെയും കാസർകോട്ട് 16 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആലപ്പുഴയിൽ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാൾക്കുമാണു രോഗബാധ. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്കയുണ്ട്. ശാരീരിക അകലം കൃത്യമായി പാലിക്കണം.

ക്വാറന്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടർ സൈക്കിൾ ബ്രിഗേഡിനെ നിയോഗിച്ചു. ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങാനേ പാടില്ല. അതിർത്തിയിൽ കൂടുതൽ പോലീസിനെ നിയമിക്കും. പരിശോധന കർശനമാക്കും. 

വിവിധ മാർഗങ്ങളിൽ 3732 പ്രവാസികൾ മടങ്ങിയെത്തി. 17 വിമാനങ്ങളിലും 3 കപ്പലുകളിലുമായാണ് ഇവരെത്തിയത്. കപ്പലിൽ‌ വന്ന മൂന്നു പേർക്കു തമിഴ്നാട്ടിൽ രോഗബാധയുണ്ടായി. ഒപ്പമെത്തിയ മലയാളികളെ പരിശോധിക്കും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 187 പേർ രോഗബാധിതരായി. സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതിനാൽ കരുതൽ വർധിപ്പിക്കണം. സുരക്ഷിതമായ ശാരീരിക അകലം പാലിക്കണം. മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പോലീസുകാർ ബൈക്കിൽ പട്രോളിങ് നടത്തും. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ നിർദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 65 കേസ് രജിസ്റ്റർ ചെയ്‌തു. തിരുവനന്തപുരത്ത് 53 കേസ്, കാസർകോട് 11. കേരളത്തിൽ നിന്ന് 33000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകൾ പോയി.

ഒരിടത്തും കണ്ടെയ്ന്‍‍മെന്റ് സോണ്‍ വിട്ടുള്ള സഞ്ചാരവും ആള്‍ക്കൂട്ടങ്ങളും അനുവദിക്കില്ല. ചിലയിടങ്ങളിൽ ഉത്സവം നടത്താനും കൂട്ടപ്രാർത്ഥന നടത്താനും പദ്ധതിയിടുന്നുണ്ട്. എന്നാൽ ആൾക്കൂട്ടത്തിന്റെ കാര്യത്തിൽ ഒരിളവും ഉണ്ടാകില്ല. കർശന നിയന്ത്രണം തുടരും. രോഗവ്യാപനം കൂടുന്ന വയനാടിന് പ്രത്യേക ശ്രദ്ധ നൽകും.

ഡൽഹിയിൽനിന്ന് പ്രത്യേക ട്രെയിൻ ഉടൻ അനുവദിക്കും. ഐലന്റ് എക്സ്പ്രസ് എല്ലാ ദിവസവുമുണ്ടാകും. ബെംഗളൂരുവിൽ നിന്നുള്ളവർക്ക് ഇതു പ്രയോജനപ്പെടും. ഡൽഹി വിദ്യാർഥികൾക്കായി നോൺ എസി ട്രെയിൻ ആവശ്യപ്പെട്ടു. വിദ്യാർഥികൾ സ്വന്തം ചെലവിൽ യാത്ര നടത്തണം. ഡൽഹിയിലെ ഹെൽപ് ഡെസ്ക് കാര്യങ്ങൾ ഏകോപിപ്പിക്കും.

Post a Comment

0 Comments