NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് മൂന്നു പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം∙ കേരളത്തിൽ മൂന്ന് പേർക്കു കൂടി കോവി‍ഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ രണ്ടും പാലക്കാട് ഒരു കേസും റിപ്പോർട്ട് ചെയ്തു. പോസിറ്റീവായവരിൽ 2 പേർക്ക് സമ്പർക്കം വഴിയും ഒരാൾ വിദേശത്തുനിന്ന് എത്തിയതുമാണ്.

തിങ്കളാഴ്ച 19 കേസുകൾ നെഗറ്റീവായി. കാസർകോട് 12, പത്തനംതിട്ട, തൃശൂർ 3 വീതം, കണ്ണൂർ ഒന്ന്. ഇതുവരെ 378 പേർക്കാണ് രോഗം ബാധിച്ചത്. 178 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,11,468 വീടുകളിലും 715 പേർ ആശുപത്രിയിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു തുല്യതയുടെ സന്ദേശമാണ് പകർന്നു നൽകുന്നത്. സമത്വത്തിനു വേണ്ടി സ്വന്തം ജീവിതത്തെ പോരാട്ടമാക്കിയ നവോഥാന നായകനാണ് അംബേദ്കർ. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വത്തിൽ അടിസ്ഥാനമായ തുല്യതയ്ക്കായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന്റെ 130–ാം ജയന്തി ദിനം ഈ വിഷു ദിനത്തില്‍തന്നെ വന്നുചേരുന്നത് അതിന്റേതായ ഒരു ഔചിത്യ ഭംഗിയുണ്ട്. അദ്ദേഹത്തിന്റെ ജീവിതം തുല്യതയ്ക്കായി പോരാടിയതാണെന്ന് നമുക്ക് അറിയാം. എല്ലാവർക്കും വിഷു, അംബേദ്കർ ജയന്തി ആശംസകൾ.

ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകട്ടെയെന്ന് അഭ്യർഥിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുക്കൈനീട്ടത്തെ മാറ്റാൻ എല്ലാവരും തയാറാകും എന്നു പ്രതീക്ഷിക്കുന്നു. കുട്ടികളും ഇതിന്റെ ഭാഗമാകും എന്നു കരുതുന്നു. അവർ‌ക്കാണ് മാതൃകകൾ സൃഷ്ടിക്കാൻ സാധിക്കുക.

ഏപ്രിലിൽ തന്നെ റമസാൻ മാസം ആരംഭിക്കുകയാണ്. സക്കാത്തിന്റെ ഘട്ടം കൂടിയാണിത്. ആ മഹത്തായ സങ്കൽപം നമ്മുടെ പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയായി മാറ്റണം. മാനുഷികമായ കടമ എല്ലാവര്‍ക്കും ഒരേ മനസ്സോടെ നിർവഹിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

86 പേരാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15683 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 14829 എണ്ണം രോഗബാധയില്ല. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ട്.

ഇതു കണ്ട് നിയന്ത്രണം ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളിലെങ്കിലുമുണ്ട്. ഇത് അപകടകരമാണ്. രാജ്യത്ത് ലോക്ഡൗൺ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെയെന്ന് പ്രധാനമന്ത്രി നാളെ ജനങ്ങളോടു പറയും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആവശ്യമായ തീരുമാനം എടുക്കും,

നാം കാണേണ്ടത് ജാഗ്രതയിൽ കുറവു വരുത്താനുള്ള അവസ്ഥ മുന്നിൽ ഇല്ല. വൈറസ് വ്യാപനം എപ്പോൾ എവിടെയൊക്കെയെന്നു പ്രവചിക്കാൻ സാധിക്കില്ല. സമൂഹവ്യാപനം എന്ന അത്യാപത്തും സംഭവിക്കാം. വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരും.

പ്രവാസികളുടെ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. അവരെ കേരളത്തിൽ എത്തിക്കണമെന്ന് നമുക്കും അവരുടെ കുടുംബാംഗങ്ങൾക്കും താൽപര്യമുണ്ട്. ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം മൂലം വിദേശത്തു കുടുങ്ങിയവരും ഹ്രസ്വകാല സന്ദര്‍ശനത്തിനു പോയവര്‍ക്കും മടങ്ങാൻ സാധിക്കുന്നില്ല. വരുമാനം ഇല്ലാത്തതിനാൽ അവിടെ ജീവിതം അസാധ്യമാണ്.

ഇവർക്കും പ്രയാസം നേരിടുന്ന പ്രവാസികൾക്കും നാട്ടിലേക്കു പ്രത്യേക വിമാനം ഏർപെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. തിരികെത്തുന്നവരുടെ പരിശോധന, ക്വാറന്റീൻ മുതലായ കാര്യങ്ങൾ സർക്കാർ നിര്‍വഹിക്കും.

പ്രവാസികളുടെ കാര്യത്തിൽ അനിവാര്യമായ ഇടപെടലാണ് ഇതെന്നു പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. പ്രവാസികളുടെ കാര്യത്തിൽ സുപ്രീം കോടതി ഇന്ന് പ്രഖ്യാപിച്ച കാര്യം നമ്മുടെയെല്ലാം ശ്രദ്ധയിലുണ്ട്.

പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ആവശ്യമായ എല്ലാം സർക്കാർ ഒരുക്കും.
ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുണ്ടെങ്കിൽ സംരക്ഷിക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ തയാറാക്കണം എന്ന് അഭ്യർഥിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ലക്ഷ്യമിട്ട് നാല് പോലീസ് സ്റ്റേഷനുകൾ നാളെ പ്രവർത്തനം ആരംഭിക്കും. വയനാട്, ഇടുക്കി, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments