Top News

പ്രവാസികളെ ഇപ്പോൾ തിരികെയെത്തിക്കാൻ സാധിക്കില്ല: സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോൾ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി.[www.malabarflash.com]

ആളുകൾ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാൽ നിലവിൽ കേന്ദ്രസർക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹർജികൾ നാല് ആഴ്ചത്തേക്കു മാറ്റിവച്ചു.

വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ യാത്രാവിലക്ക് ഏർപെടുത്തിയത്. ഗൾഫ് രാജ്യങ്ങൾക്കു പുറമേ യുഎസ്, ബ്രിട്ടൻ എന്നിവിടങ്ങളിലും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു. അവരെയും തിരികെയെത്തിക്കണമെന്നും ആവശ്യമുണ്ട്. ഇവരെയൊക്കെ ഇപ്പോൾ ഇന്ത്യയിലെത്താൻ അനുവദിച്ചാൽ അതു രോഗവ്യാപനത്തിനു കാരണമായേക്കും. അങ്ങനെ സംഭവിച്ചാൽ നിലവിലെ ലോക്ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകിടം മറിയാൻ ഇടയാകും.

പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ചികിത്സാ സൗകര്യങ്ങളുൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. അക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രവാസികളെ ഇപ്പോൾ നാട്ടിലെത്തിക്കുന്നതു പ്രായോഗികമായി തെറ്റായ കാര്യമാണെന്നും എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

അതേസമയം ഹർജിയിലെ ആവശ്യങ്ങൾ കോടതി പൂർണമായി തള്ളിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് ഇടപെടൽ വേണമെങ്കിൽ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post