NEWS UPDATE

6/recent/ticker-posts

" അക്ഷരങ്ങള്‍ അച്ചടിച്ച് കൂട്ടിയ പുസ്തകത്താളുകളില്‍ നിന്നും, നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ...." മതിൽ കെട്ടി മറയ്ക്കാനാവില്ല, ഒന്നും, ഓർക്കേണ്ടത് ദി കിംഗിലെ മമ്മുട്ടിയെ !

ദി കിംഗ് എന്ന സിനിമയില്‍ മമ്മുട്ടിയുടെ ഒരു സൂപ്പര്‍ ഹിറ്റ് ഡയലോഗുണ്ട്.’അക്ഷരങ്ങള്‍ അച്ചടിച്ച് കൂട്ടിയ പുസ്തകത്താളുകളില്‍ നിന്നും, നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ’യെന്ന്, സബ്ബ് കളക്ടറോട് മമ്മൂട്ടി പറയുന്ന ആ ഡയലോഗ് ഇന്നും പ്രസക്തമാണ്.[www.malabarflash.com]

കോടിക്കണക്കായ പട്ടിണിപ്പാവങ്ങളുടെയും നിരക്ഷരരുടെയും കൂടിയാണ് ഇന്ത്യയെന്നും മമ്മൂട്ടിയുടെ കഥാപാത്രമായ ജോസഫ് അലക്‌സ് തുറന്നടിക്കുന്നുണ്ട്.

മക്കള്‍ക്ക് ഒരുനേരം വയറുനിറച്ച് വാരിയുണ്ണാന്‍ വക തേടി സ്വന്തം ഗര്‍ഭപാത്രം വരെ വില്‍ക്കുന്ന, അമ്മമാരുടെ ഇന്ത്യയെ കുറിച്ചും മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രം, സബ്ബ് കളക്ടറെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.


വര്‍ത്തമാനകാല ഇന്ത്യന്‍ ചരിത്രത്തില്‍ ഈ ഡയലോഗുകള്‍ തര്‍ജമ ചെയ്ത് പ്രധാനമന്ത്രിയെ കേള്‍പ്പിക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാകണം.

ഇന്ത്യയുടെ ഈ ആത്മാവ് തൊട്ടറിയാനുള്ള സെന്‍സും, സെന്‍സിറ്റിവിറ്റിയും, സെന്‍സിറ്റിബിലിറ്റിയും മോദിക്കും ഉണ്ടാവേണ്ടതുണ്ട്. എന്നിട്ടുമതി ചേരികള്‍ മതില്‍ കെട്ടി മറിച്ച് അമേരിക്കന്‍ പ്രസിഡന്റിന് ചുവപ്പ് പരവതാനി വിരിക്കുന്നത്.

മമ്മുട്ടി, സിനിമയില്‍ പറഞ്ഞതില്‍ നിന്നൊന്നും വ്യത്യസ്തമല്ല, ഇന്നും ഇന്ത്യയുടെ അവസ്ഥ. ഉത്തരേന്ത്യയിലൂടെ സഞ്ചരിച്ചാല്‍ ആര്‍ക്കും തന്നെ അത് ബോധ്യമാകുന്ന കാര്യവുമാണ്.

പട്ടിണി പാവങ്ങളുടെ ചേരിയും, കുടിലുകളും മതില്‍ കെട്ടി മറയ്ക്കുന്നതിന് പകരം അവരുടെ ജീവിതമാണ് മെച്ചപ്പെടുത്തേണ്ടിയിരുന്നത്. അതിനാവണമായിരുന്നു പണം ചിലവഴിക്കേണ്ടിയിരുന്നത്.ട്രംപിന് കാഴ്ചാ വിരുന്നൊരുക്കാന്‍ കോടികള്‍ പൊടിക്കുന്നവര്‍, ചേരിയിലെ വിശക്കുന്ന വയറുകളെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റിന് മുന്നിലല്ല, സ്വന്തം ജനതയുടെ മുന്നിലാണ് മോദി ഹീറോയാവാന്‍ ശ്രമിക്കേണ്ടത്. ഇപ്പോഴത്തെ ഈ കണ്‍കെട്ട് വിദ്യ ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്താനേ ഉപകരിക്കൂകയുളളൂ.

മതില്‍ കെട്ടി ചേരികള്‍ മറയ്ക്കുന്നതാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്ത.2,500 ല്‍ അധികം പേര്‍ താമസിക്കുന്ന കുടിലുകളും ചേരി പ്രദേശങ്ങളുമാണ് മറയ്ക്കപ്പെടുന്നത്. ഇതു വഴിയാണ് ട്രംപിന്റെ റോഡ് ഷോ കടന്നു പോകുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനതാവളവും ഇന്ദിരാ പാലവും ചേരുന്ന സ്ഥലത്ത് ഏഴടിയോളം ഉയരത്തിലാണ് മതില്‍ നിര്‍മ്മിക്കുന്നത്.

50 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അഹമ്മദാബാദില്‍ പുരോഗമിക്കുന്നതായാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദിയുടെ സ്വന്തം തട്ടകത്തില്‍ റോഡുകള്‍ നവീകരിക്കാന്‍ പോലും ട്രംപിന് വരേണ്ടി വന്നു എന്നതും ലജ്ജിപ്പിക്കുന്ന കാര്യമാണ്.

ഇന്ത്യയുടെ ഹൃദയം തുടിക്കുന്നത് ഗ്രാമങ്ങളിലും ഇത്തരം ചേരികളിലുമാണ്. ഇവിടുത്തെ കണ്ണീരിനാണ് ആദ്യം പരിഹാരക്രിയ ചെയ്യേണ്ടിയിരുന്നത്.

കോണ്‍ഗ്രസ്സ് പതിറ്റാണ്ടുകളോളം ഭരിച്ചപ്പോഴും ഇപ്പാള്‍ മോദി ഭരിക്കുമ്പോഴും വലിയ മാറ്റങ്ങളൊന്നും ഇക്കാര്യത്തില്‍ വന്നിട്ടില്ല.

പട്ടിണി പാവങ്ങള്‍ ഇപ്പോഴും പട്ടിണിയില്‍ തന്നെയാണ് ജീവിക്കുന്നത്. ഇവര്‍ക്ക് വേണ്ടി എന്തു ചെയ്തു എന്നതിനെ കുറിച്ചാണ് ഭരണകൂടങ്ങള്‍ ചിന്തിക്കേണ്ടത്. അതിനാണ് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത്. മതില്‍ കെട്ടി മറച്ചാല്‍ മറയുന്നതല്ല, ഇവിടങ്ങളിലെ കണ്ണീരെന്നതും ഓര്‍ക്കണം.

ഇന്ത്യയിലെ 70 ശതമാനം വരുന്ന ദരിദ്രജനതയ്ക്ക് ആകെയുള്ള സ്വത്തിന് തുല്യമായത് കൈയ്യടക്കി വെച്ചിരിക്കുന്നത് 57 ശതകോടീശ്വരന്മാാണ്.18 ആഗോള സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഓക്‌സ്ഫാമിന്റെ റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വരുമാന വളര്‍ച്ചയിലും വലിയ അസമത്വം നിലവിലുണ്ട്. ശതകോടീശ്വരന്മാരുടെ സ്വത്ത് രാജ്യത്തിന്റെ വാര്‍ഷികബജറ്റ് അടങ്കലിനേക്കാള്‍ കൂടുതലാണ്. ജനസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്രവിഭാഗങ്ങളുടെ വരുമാനത്തില്‍ മൂന്നു ശതമാനം മാത്രം വര്‍ധനയേ ഉണ്ടായിട്ടുള്ളൂ. ദേശീയ സമ്പത്തിന്റെ 77.4 ശതമാനവും ജനസംഖ്യയുടെ 10 ശതമാനം വരുന്നവരുടെ കയ്യിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വേര്‍ത്തിരിവിനാണ് കേന്ദ്രം പരിഹാരം കണ്ടെത്തേണ്ടത്. ജനിച്ച മണ്ണില്‍ പട്ടിണിയില്ലാതെ ജീവിക്കാനും മഴയും വെയിലും കൊള്ളാതെ ഉറങ്ങാനും എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. ആരും ഇവിടെ ദരിദ്രരായി പിറന്നു വീഴുന്നില്ല. ഭരണകൂടങ്ങളുടെ പ്രവര്‍ത്തി മൂലമാണ് ദരിദ്രരാക്കപ്പെടുന്നത്.

ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടും ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ ജനസംഖ്യ വളര്‍ച്ച നിരക്ക് ചൈനയുടെ ഇരട്ടിയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019 ല്‍ 136 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ചൈനയിലേത് 142 കോടിയും. 1994 ല്‍ ഇന്ത്യയില്‍ 94.2 കോടിയും ചൈനയില്‍ 123 കോടിയുമായിരുന്നു ജനസംഖ്യ. 1969 ല്‍ യഥാക്രമം 54.15 കോടിയും 80.36 കോടിയുമായിരുന്നു ജനസംഖ്യ.

ഇന്ത്യയില്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ജനസംഖ്യയുടെ 27 ശതമാനവും. 15 നും 64 നും ഇടയില്‍ പ്രായമുള്ളവരാണ് 67 ശതമാനമുള്ളത്. 65 ന് മുകളില്‍ പ്രായമുള്ള ആറ് ശതമാനം പേര്‍ മാത്രമേ ഉള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു സ്ത്രീക്ക് ശരാശരി 2.3 കുട്ടികളുണ്ടെന്നാണ് കണക്ക്. ഇതിന് പുറമെ, ആയുര്‍ദൈര്‍ഘ്യം 69 ആയും ഉയര്‍ന്നുകഴിഞ്ഞു. ലക്ഷത്തില്‍ 174 എന്ന കണക്കിലാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രസവസമയത്ത് അമ്മമാര്‍ മരിക്കുന്നത്. 1994 ല്‍ ഇത് ലക്ഷത്തില്‍ 488 ആയിരുന്നു.

കരുതലോടെയും ജാഗ്രതയോടെയും രാജ്യം മുന്നോട്ട് പോകേണ്ട കാലഘട്ടമാണിത്.

ഇന്ത്യ എന്താണെന്നും ഇവിടുത്തെ ജനങ്ങള്‍ എങ്ങനെയാണെന്നും വരുന്ന അതിഥികളും ശരിക്കും മനസ്സിലാക്കുകയാണ് വേണ്ടത്.

അതിജീവനത്തിനു വേണ്ടി പൊരുതുന്ന ജനതയാണ് ഇന്ത്യയിലുള്ളത്. ഈ യാഥാര്‍ത്ഥ്യം ഏത് ട്രംപിനും മനസ്സിലാകും. അതിന് മോദിയായിട്ട് കണ്‍കെട്ട് വിദ്യ കാണിക്കേണ്ട ആവശ്യമൊന്നുമില്ല.

ചേരികളെയും കുടിലുകളെയും ഒട്ടിയ വയറുകളെയുമെല്ലാം ഓര്‍ക്കേണ്ടത് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വേളയിലല്ല. ഇവിടെയാണ് ഗുജറാത്ത് ഭരണകൂടത്തിനും കേന്ദ്ര സര്‍ക്കാറിനും വീഴ്ച പറ്റിയിരിക്കുന്നത്.

വോട്ട് ചെയ്യുന്നവരുടെ മാത്രമല്ല, വോട്ട് ചെയ്യാത്തവരുടേത് കുടിയാണ് ഇന്ത്യ. അക്കാര്യവും മറന്നുപോകരുത്.


(കടപ്പാട്:എക്സ്പ്രസ്സ് കേരള )

Post a Comment

0 Comments