പാലക്കുന്ന്: അഷ്ടബന്ധ പുനഃപ്രതിഷ്ഠ ബ്രഹ്മകലശത്തിന് ശേഷം പൂർണചൈതന്യ സ്വരൂപനായ തൃക്കണ്ണാടപ്പനും ശാസ്താവിനും കുതിരക്കാളിയമ്മയ്ക്കും വേണ്ടി നൃത്ത നടന, കലാ ,വാദ്യ വിരുന്നൊരുക്കാൻ ആദ്യമായി അഷ്ടാവധാനപൂജ നടത്തി.[www.malabarflash.com]
ശനിയാഴ്ച്ച രാത്രി ശ്രീഭൂതബലിക്ക് ശേഷം തൃക്കണ്ണാടപ്പനേയും ശാസ്താവിനേയും കുതിരക്കാളിയമ്മയെയും നടരാജ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച ശേഷം ഈ ദേവതകൾക്കു മുന്നിൽ ചതുർവേദങ്ങൾ, പുരാണം, ജ്യോതിഷം, സ്തോത്രങ്ങൾ, സംഗീതം, കുച്ചുപ്പിടി നൃത്തം ,യക്ഷഗാനം, ചെണ്ടമേളം, സാക്സോഫോൺ വാദ്യം,ഉറക്ക്പാട്ട്, സർവ്വവാദ്യം എന്നിവയടക്കം 16 കലകൾ രാജകീയ പ്രൗഢിയോടെ അവതരിപ്പിച്ചുള്ള സവിശേഷ മഹാപൂജയാണിത്.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ചരിത്രത്തിൽ ആറാട്ട് ഉൽസവത്തോടനുബന്ധിച്ച് ദേവസ്വരൂപങ്ങൾക്ക് മുൻപിൽ ഈ വിധം കലാവിരുന്നൊരുക്കി പ്രീതിപ്പെടുത്തുന്നത് ആദ്യമായാണ്. ഈ അപൂർവകാഴ്ച്ച കാണാൻ നറുകണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിലെത്തിയത്.
ബ്രഹ്മാണ്ഡം മുഴുവൻ വ്യാപിച്ചു നിൽക്കുന്ന മഹാദേവനെ ചക്രവർത്തിതുല്യനായി ആരാധിക്കുന്നതിന്റെ ഭാഗമായാണ് ഈ ചടങ്ങ് ശ്രീകോവിലിന് വെളിയിൽ നടരാജമണ്ഡപത്തിൽ നടന്നത്. ദേവത കളെ ഈ വിധം പ്രീതിപ്പെടുത്തിയാൽ ശ്രേയസും അഭിവൃദ്ധിയും സർവ്വ സൗഭാഗ്യങ്ങളും ലഭിക്കുമെന്നത്രെ വിശ്വാസം.
0 Comments