NEWS UPDATE

6/recent/ticker-posts

ഇന്ത്യ പ്രസ് ക്ലബ് പ്രവര്‍ത്തനോദ്ഘാടനം എപ്രില്‍ നാലിന്, രാജ്‌മോഹന്‍ ഉണ്ണിത്താനും ബ്രിട്ടാസും പങ്കെടുക്കും

ഹ്യൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ
ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ നാലിന് ചിക്കാഗോയില്‍ നടക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി തിരി തെളിച്ചു പ്രവര്‍ത്തനോദ്ഘാടനം നടത്തും. പരിപാടിയില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവിയുടെ എംഡിയുമായ ജോണ്‍ ബ്രിട്ടാസ്, മുഖ്യാതിഥി ആയിരിക്കും.[www.malabarflash.com]

ഐപിസിഎന്‍ ചിക്കാഗോ ചാപ്റ്റര്‍ ആതിഥ്യമരുളുന്ന ചടങ്ങിന് ഇല്ലിനോയിസിലെ മോര്‍ട്ടന്‍ ഗ്രോവ് ലയോണ്‍സ് സ്ട്രീറ്റിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയമാണ് വേദിയാകുന്നത്. ദേശീയ വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ നേതൃത്വത്തില്‍ വര്‍ണ ശബളമായ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ നടന്നു വരുന്നു.

പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാടിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ ഭരണസമിതിയുടെ 2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചിക്കാഗോയില്‍ ഏപ്രില്‍ നാലിനു തുടക്കമാവുക. അമേരിക്കയിലെയും കേരളത്തിലെയും മാധ്യമപ്രവര്‍ത്തകരെ സമന്വയിപ്പിച്ചു കൊണ്ടുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും നടപ്പിലാക്കുന്നതെന്നു ജോര്‍ജ് കാക്കനാട് പറഞ്ഞു. 

സാമൂഹിക, സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ വിശിഷ്ടവ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവിധ പരിപാടികളാണ് അണിയറിയില്‍ ഒരുങ്ങുന്നതെന്നും ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വിവിധ ചാപ്റ്ററുകളുമായി സഹകരിച്ച് ഇവ നടപ്പിലാക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. 

ഇതു കൂടാതെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വിവിധ പദ്ധതികള്‍ക്കും പത്രപ്രവര്‍ത്തന രംഗത്തെ പ്രായോഗിക മികവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തങ്ങളും തുടരും. മാധ്യമപ്രവര്‍ത്തനത്തിന് ആധുനികമായ മുഖം സമ്മാനിക്കുക എന്ന
ലക്ഷ്യത്തോടെയുള്ള മുന്നേറ്റത്തിനാണ് പുതിയ ഭരണസമിതി ശ്രമിക്കുന്നതെന്നു ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. കൂടുതല്‍ സാമൂഹിക ഉത്തരവാദിത്വം പുലര്‍ത്തുന്ന കര്‍മ്മപരിപാടികള്‍ക്കാണ് ഐപിസിഎന്‍എയുടെ പുതിയ ഭരണസമതി വിഭാവനം ചെയ്യുന്നതെന്നു ട്രഷറര്‍ ജീമോന്‍ ജോര്‍ജ് പറഞ്ഞു.

വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി ബിജിലി
ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍മാരായ ബിനു ചിലമ്പത്ത്, സജി എബ്രഹാം, നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം എന്നിവരടങ്ങുന്ന ഭരണസമിതിയ്ക്ക് എട്ടോളം ചാപ്റ്ററില്‍ നിന്നുള്ള ശക്തമായ പിന്തുണയുമുണ്ട്.

Post a Comment

0 Comments