NEWS UPDATE

6/recent/ticker-posts

സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ച പണം പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനായി നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ആഷിറിനും സഹേദരി അസ്‌ലഹയ്ക്കും സൈക്കിള്‍ സമ്മാനം

കാസര്‍കോട്: സ്വന്തമായി സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ച പണം പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനായി നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ മുഹമ്മദ് ആഷിറിനും ആയിശത്ത് അസ്‌ലഹയ്ക്കും സൈക്കിള്‍ സമ്മാനമായി ലഭിക്കും.[www.malabarflash.com]

നെല്ലിക്കട്ടയിലെ ഹോട്ടല്‍ ജീവനക്കാരനായ അബ്ദുല്‍ ലത്തീഫിന്റെ മക്കളാണ് മുഹമ്മദ് ആഷിറും ആയിശത്ത് അസ്‌ലഹയും. നാട്ടിലെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനായി സാമൂഹ്യ പ്രവര്‍ത്തകനായ ഫൈസല്‍ നെല്ലിക്കട്ട അല്‍ബദര്‍ ചാരിറ്റി സെല്ലിലൂടെ ധനസമാഹരണം നടത്തുന്നുണ്ടെന്ന് അറിഞ്ഞ് സൈക്കില്‍ വാങ്ങണമെന്ന സ്വപ്നവുമായി മാസങ്ങളായി സ്വരൂപിച്ച് വെച്ചിരുന്ന നാണയതുട്ടുകള്‍ ദാനം ചെയ്തത്. 

ഈ വിവരം ശനിയാഴ്ച മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ കാസര്‍കോട്  പുതിയ ബസ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന സിററി സൈക്കിള്‍ ഉടമ അന്‍വര്‍ സാദാത്ത് ഒരു സൈക്കിള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടു പിന്നാലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി കൂടി സൈക്കിള്‍ സമ്മാനാമായി നല്‍കാന്‍ മുന്നോട്ട് വരികയായിരുന്നു.


തുച്ചമായ വേതനത്തിന് ഹോട്ടലില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ലത്തീഫും തനിക്ക് കിട്ടുന്നതില്‍ നിന്ന് ഒരു വിഹിതം പാവങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ബദര്‍ ചാരിറ്റിയുടെ കല്ല്യാണ ധനസഹായത്തെ കുറിച്ച് വീട്ടില്‍ സംസാരിക്കുന്നതിനിടെയാണ് മക്കളായ ആഷിറും അസ്‌ലഹയും സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച് വച്ച പണം വിവാഹ സഹായമായി നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.
എടനീര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ആഷിര്‍, ഇതേ സ്‌കൂളിലെ രണ്ടാം ക്ലാസിലാണ് ആയിശത്ത് അസ്‌ലഹ പഠിക്കുന്നത്

"നമ്മള്‍ ഒരാളെ സഹായിച്ചു കഴിഞ്ഞാല്‍, മറ്റൊരു വഴിയിലൂടെ റബ്ബ് നമ്മെ സഹായിക്കും". മക്കള്‍ക്ക്‌ സൈക്കിള്‍ സമ്മാനമായി നല്‍കാന്‍ അന്‍വര്‍ സാദാത്തും യുവതിയും തയ്യാറായ കാര്യം അറിയിക്കാന്‍ ലത്തീഫിനെ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.

Post a Comment

0 Comments