താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോൻ. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറർ ആയി ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് (ശ്വേത മേനോൻ), വൈസ് പ്രസിഡന്റ് (ലക്ഷ്മിപ്രിയ), ജോയിന്റ് സെക്രട്ടറി (അൻസിബ), ജനറൽ സെക്രട്ടറി (കുക്കു പരമേശ്വരൻ) എന്നിങ്ങനെ സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ വനിതകൾ എത്തിയതാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്.
പിന്തുണച്ച എല്ലാവർക്കും ശ്വേത മേനോൻ നന്ദി പറഞ്ഞു. ‘ഒരു വർഷത്തിൽ രണ്ടു ജനറൽ ബോഡി നടത്തുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള പരിപാടിയാണ്, ചെലവാണ്. എന്നിട്ടും 298 പേർ വന്നു വോട്ട് ചെയ്തു. അതിന് എല്ലാവർക്കും നന്ദി. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതേ ഉള്ളൂ. അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ വരണമെന്ന് പറഞ്ഞു. ഇതാ അങ്ങനെ സംഭവിച്ചു. ഇനി മാധ്യമങ്ങളും സംഘടനയിലെ അംഗങ്ങളെ പോലെ എന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നു,’ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ശ്വേത പറഞ്ഞു.
സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയില്ല. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖർ വോട്ട് ചെയ്തു. ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതുവരെ കാണാത്ത തരത്തിലുള്ള ആരോപണങ്ങൾക്കാണ് ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് വേദിയായത്. അശ്ലീല സിനിമകളിൽ അഭിനയിച്ചെന്ന് ആരോപിച്ച് ശ്വേത മേനോന് എതിരെ കേസ് വരെ റജിസ്റ്റർ ചെയ്യപ്പെട്ടു. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ശ്വേത സംഘടനയുടെ തലപ്പത്ത് എത്തുന്നത്.
രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവരായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. കുക്കു പരമേശ്വരനെതിരെ സംഘടനയിലെ തന്നെ ഒരു സംഘം വനിതകൾ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പൊതു പ്രതികരണങ്ങൾക്ക് നിൽക്കാതെ സംയമനത്തോടെയായിരുന്നു കുക്കുവിന്റെ ഇടപെടൽ. എന്തായാലും, ഈ വിജയത്തോടെ സംഘടനയിലെ തന്റെ വിശ്വാസ്യത കൂടി തെളിയിക്കുകയാണ് കുക്കു. ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്. ട്രഷററായി ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഭാരവാഹികൾ ഇവർ പ്രസിഡന്റ്: ശ്വേത മേനോൻ വൈസ് പ്രസിഡന്റ്: ലക്ഷ്മിപ്രിയ, ജയൻ ചേർത്തല ജനറൽ സെക്രട്ടറി: കുക്കു പരമേശ്വരൻ ജോയിന്റ് സെക്രട്ടറി: അൻസിബ ട്രഷറർ: ഉണ്ണി ശിവപാൽ എക്സിക്യൂട്ടീവ് കമ്മിറ്റി: സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ്
Post a Comment