Top News

കുവൈത്തിലെ വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളിയും; മരിച്ചത് കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു.[www.malabarflash.com]

പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു.മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. 

കുവൈത്തിലടക്കം സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സച്ചിൻ സജീവമായിരുന്നു. നാട്ടിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലടക്കം സജീമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 63 പേർക്ക് വിഷബാധയേറ്റത്. 13 പേര്‍ ദുരന്തത്തിൽ മരിച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

മരിച്ചവരിൽ ആറുപേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. വിഷമദ്യദുരന്തത്തിൽ 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. അതേസമയം, കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. അനധികൃത മദ്യ നിർമ്മാണവും വിൽപ്പനയുമായി ബന്ധമുള്ള ഏഷ്യക്കാരായ പ്രവാസികളാണ് കസ്റ്റഡിയിലായത്. രാജ്യത്തെ അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ വിവരം ശേഖരിച്ച് നടപടി തുടങ്ങിയിരിക്കുകയാണ് കുവൈത്ത്. ഇതിന്‍റെ ഭാഗമായാണ് ജലീബ് അൽ ഷുയൂഖിൽ നിന്നുൾപ്പടെ പ്രവാസികളായ നടത്തിപ്പുകാർ പിടിയിലായിരിക്കുന്നത്. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല.

കഴിഞ്ഞ കുറെ നാളുകളിലായി രാജ്യത്ത് നടന്ന് വരുന്ന വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി മദ്യ നിർമാണ കേന്ദ്രങ്ങളാണ് ആഭ്യന്തര മന്ത്രാലയം അടച്ചു പൂട്ടിയത്. 52 പേരാണ് ജൂലൈ 24ന് മാത്രം പിടിയിലായത്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഉൾപ്പടെ തുടർനടപടികൾ ഉടനെ പൂർത്തിയാക്കുമെന്നാണ് കണക്കാക്കുന്നത്. കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി ഇന്ത്യൻ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Post a Comment

Previous Post Next Post