Top News

മിനിമം ബാലൻസ് 10,000 രൂപയിൽനിന്ന് 50,000 രൂപയായി ഉയർത്തി ഐ.സി.ഐ.സി.ഐ ബാങ്ക്; കുറഞ്ഞാൽ പിഴ ഒടുക്കണം


ന്യൂഡൽഹി: മിനിമം ബാലൻസ് തുകയിൽ വൻ വർധനയുമായി രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക്. സ്വകാര്യബാങ്കായ ഐ.സി.ഐ.സി.ഐയാണ് മിനിമം ബാലൻസിൽ വൻ വർധന വരുത്തിയിരിക്കുന്നത്. പുതിയ ഉപഭോക്താക്കളുടെ മിനിമം ബാലൻസ് തുകയിലാണ് ബാങ്ക് വലിയ വർധന വരുത്തിയിരിക്കുന്നത്. (www.malabarflash.com) 

മെട്രോ, അർബൻ മേഖലകളി​ൽ ആഗസ്റ്റ് ഒന്നിന് ശേഷം ഐ.സി.ഐ.സി.ഐ ബാങ്കിൽ അക്കൗണ്ട് തുറക്കുന്നവർക്ക് 50,000 രൂപ വരെ മിനിമം ബാലൻസായി സൂക്ഷിക്കേണ്ടി വരും. എന്നാൽ, മുതിർന്ന പൗരൻമാർക്കുള്ള മിനിമം ബാലൻസ് 10,000 രൂപയും തുടരും. സെമി-അർബൻ മേഖലയിൽ പുതിയ ഉപഭോക്താക്കൾക്കുള്ള മിനിമം ബാലൻസ് 25,000 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലകളിൽ 10,000 രൂപയാണ് മിനിമം ബാലൻസ്.


ഒരു മാസം മുമ്പെങ്കിലും ഐ.സി.ഐ.സി.ഐ ബാങ്കിൽ അക്കൗണ്ട് എടുത്ത സെമി അർബൻ, റൂറൽ മേഖലകളിൽ നിന്നുള്ളവർക്ക് മിനിമം ബാലൻസ് 5,000 രൂപയായിരിക്കുമെന്നും ബാങ്ക് അറിയിച്ചു. മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ട് ഉടമകൾക്ക് കുറവുള്ള തുകയു​​ടെ ആറ് ശതമാനമോ 500 രൂപയോ പിഴ ചുമത്തും. ഇത് രണ്ടിൽ ഏറ്റവും കുറഞ്ഞ തുക എ​താണോ അതാണ് പിഴയായി ചുമത്തുക. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിനും ഐ.സി.ഐ.സി.ഐ ബാങ്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. മൂന്ന് തവണ സൗജന്യമായി അക്കൗണ്ടിലേക്ക് പണമിടാമെന്നും പിന്നീടുള്ള ഓരോ ഇടപാടിനും 150 രൂപ ചുമത്തുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

നേരത്തെ സേവിങ്സ് അക്കൗണ്ടുകൾക്ക് നൽകുന്ന പലിശനിരക്കിൽ ഐ.സി.ഐ.സി.ഐ ബാങ്ക് കുറവ് വരുത്തിയിരുന്നു. 0.25 ശതമാനം കുറവാണ് വരുത്തിയത്. 50 ലക്ഷം വരെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് നിലവിൽ 2.75 ശതമാനം പലിശ ലഭിക്കും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ നേരത്തെ മിനിമം ബാലൻസ് നിയമം ഒഴിവാക്കിയിരുന്നു.

Post a Comment

Previous Post Next Post