ആലപ്പുഴ: അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ അന്വേഷണസംഘം കണ്ടെത്തി. ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്.
കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിൽ വീടിനകത്ത് ചോദ്യം ചെയ്യുകയാണ്.
ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും ബിന്ദു പത്മനാഭൻ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും പള്ളിപ്പുറത്തെ വീട്ടിൽ പരിശോധന നടത്തും. ചേർത്തലയിൽ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയോ എന്നതാണ് സംശയം. കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ, കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടൽ.രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ കുളങ്ങളും, ചത്തുപ്പ് നിലങ്ങളുമുണ്ട്. ഇവിടങ്ങളിൽ എല്ലാം പരിശോധന നടത്തും. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചനയുണ്ട്. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന കേസിൽ ഏറെ നിർണയാകമാണ്.
Credit: Asianet News |
Keywords: Alappuza, Kerala, News, Cherthala, Women's, Missing case, Body, Sebastian house, Kerala News, Malayalam News, Kerala Vartha, Malayalam Vartha
Post a Comment