മസ്കത്ത്: വനിതാ ഏജൻ്റിൻ്റെ വാക്കുകളിൽ വിശ്വസിച്ച് ഒമാനിലെത്തി തിരിച്ച് നാട്ടിലേക്ക് മടങ്ങാനാകാതെ തെലുങ്ക് യുവതി. ഒമാനിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ വീഡിയോയിലൂടെ അവൾ സുഹൃത്തുക്കളെ അറിയിച്ചതോടെയാണ് വഞ്ചന പുറത്തായത്. തെലങ്കാനയിലെ കോതഗുഡെം ജില്ലയിലെ അശ്വരാവോപേട്ട് പട്ടണത്തിലെ ഗൗഡ ബസാർ നിവാസിയായ കാവ്യ ആണ് വിദേശരാജ്യത്ത് തൊഴിൽത്തേടിയെത്തി കുടുങ്ങിയത്.
കാവ്യയുടെ അച്ഛൻ രണ്ടുവർഷം മുമ്പ് മരിച്ചിരുന്നു. അമ്മ കൊയാ മേരി വിവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയുമാണ്. ബിരുദം പൂർത്തിയാക്കിയ കാവ്യ കടകളിൽ ജോലിചെയ്‌താണ് പിന്നീട് കുടുംബം പുലർത്തിയത്. അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ശ്രദ്ധിച്ച കിഴക്കൻ ഗോദാവരി ജില്ലയിലെ തല്ലപുഡിയിൽ നിന്നുള്ള വനിതാ ഏജൻ്റ്, കാവ്യയെ ഒമാനിലെ മസ്‌കത്തിലുള്ള ധനികന്റെ വീട്ടിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് കൊണ്ടുപോയത്.
പ്രതിമാസം 30,000 മുതൽ 40,000 രൂപ വരെ ശമ്പളവും താമസ സൗകര്യവും നൽകാമെന്നായിരുന്നു ഏജൻ്റ് നൽകിയ വാഗ്ദാനം. അവിടേക്ക് പോകാനുള്ള മൂന്ന് ലക്ഷം രൂപയുടെ ചെലവ് താൻ വഹിക്കുമെന്ന് ഏജൻ്റ് പറയുകയുംചെയ്‌തു. ഇതുപ്രകാരം മൂന്ന് മാസം മുമ്പ് കാവ്യ ഒമാനിലേക്ക് പോയി. എന്നാൽ, അവിടെ വാഗ്ദാനംചെയ്‌ത ജോലി ലഭിച്ചില്ല. പുറമെ കാവ്യക്ക് വിവിധ രോഗങ്ങൾ വരികയുംചെയ്‌തു. ഇതോടെയാണ് വീട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സുഹൃത്തുക്കൾക്ക് അവർ സെൽഫി വീഡിയോ അയച്ചത്.
എന്തുവിലകൊടുത്തും ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന് അഭ്യർഥിച്ചുള്ള കാവ്യയുടെ വിഡിയോ പുറത്തുവന്നതോടെ അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
മകളെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് കാവ്യയുടെ അമ്മ മേരി സർക്കാരിനോട് അപേക്ഷിച്ചു. എന്നാൽ വിഷയത്തിൽ തങ്ങൾക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് അശ്വരാവേട്ട് എസ്.ഐ യയാതി രാജു പറഞ്ഞു.
Post a Comment