Top News

സ്കൂട്ടറിനു പിന്നിൽ ബസിടിച്ചു, കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം; ഇറങ്ങിയോടിയ ഡ്രൈവർ പിടിയിൽ


കൊച്ചി: ബസുകളുടെ മരണപ്പാച്ചിൽ നഗരത്തിൽ വീണ്ടുമൊരു ജീവനെടുത്തു. തേവര എസ്എച്ച് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ ഗോവിന്ദ് എസ്.ഷേണായ് (18) ആണ് ഇന്നു രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഗോവിന്ദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. എറണാകുളം ടിഡി റോഡിൽ എസ്എസ് കലാമന്ദിറിന് എതിർ വശത്താണ് ഗോവിന്ദിന്റെ വീട്.  


എളമക്കരയ്ക്കടുത്തുള്ള പുന്നയ്ക്കൽ രാഘവേന്ദ്ര സ്വാമി മഠത്തിൽ രാവിലെ ഭജനയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ വരികയായിരുന്നു ഗോവിന്ദ്. എറണാകുളം ടൗൺഹാളിനു സമീപമെത്തിയപ്പോൾ പിന്നിൽ നിന്ന് വന്ന സ്വകാര്യ ബസ് ഗോവിന്ദ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എറണാകുളം–ഏലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇടിച്ചത്.




ഇടിയേറ്റ് തെറിച്ചുവീണ ഗോവിന്ദിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ബസിന്റെ അമിതവേഗമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ബസുകളുടെ മത്സരപ്പാച്ചിലിൽ കൊച്ചി നഗരത്തിൽ ദിവസേനയുണ്ടാകുന്ന അപകടങ്ങളിലെ അവസാന ഇരയാണ് ഗോവിന്ദ്. മൃംദംഗവാദകൻ കൂടിയായ ഗോവിന്ദ് ഭവൻസിലെ പ്ലസ് ടു കൊമേഴ്സ് പഠനശേഷം ഈ വര്‍ഷമാണ് തേവര എസ്എച്ച് കോളജിൽ ചേർന്നത്.

Post a Comment

Previous Post Next Post