Top News

മിഥുന്റെ മരണത്തിൽ നി‍ര്‍ണായക നടപടി, തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു


തിരുവനന്തപുരം: കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 


നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സ‍ര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി.  


സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് നടപടിയെടുത്തത്. നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്ത് വിവാദമായിരുന്നു. പാർട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നതോടെയാണ് മുഖം നോക്കാതെയുള്ള നടപടികളിലേക്ക് എത്തിയത്.  കഴിഞ്ഞ ജൂലൈ 17ന് രാവിലെയാണ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മിഥുൻ, സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചത്. 

സ്കൂളിൽ കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുമ്പോൾ, വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ക്ലാസ് ബെഞ്ച് ഉപയോഗിച്ച് സൈക്കിൾ ഷെഡിന് മുകളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. മറ്റ് കുട്ടികൾക്ക് മുന്നിൽ വെച്ചാണ് മിഥുൻ മരിച്ചത്. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുകയും, സ്കൂൾ മാനേജ്മെന്റിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.   

Post a Comment

Previous Post Next Post