Top News

ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ളയാളെ കണ്ടെന്ന് നാട്ടുകാര്‍; പ്രദേശം വളഞ്ഞ് പൊലീസ്


കണ്ണൂർ: ജയിൽ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ളയാളെ കണ്ടെന്ന് നാട്ടുകാര്‍. കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്ത് വെച്ച് ഗോവിന്ദച്ചാമിയുടെ സാമ്യമുള്ള ഒരാളെ കണ്ടെത്തിയെന്ന് നാട്ടുകാർ പറയുന്നു. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.നാട്ടുകാര്‍ ഓടിച്ചതിനെതുടര്‍ന്ന് ഇയാള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് ഓടിക്കയറി. തുടർന്ന് പൊലീസെത്തി തിരച്ചിൽ നടത്തുകയാണ്.പ്രദേശം പൊലീസ് വളഞ്ഞിട്ടുണ്ട്.

രാവിലെ 9 മണിക്ക് ശേഷമാണ് ഇയാളെ കണ്ടെതെന്ന് നാട്ടുകാര് പറയുന്നു.ജയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഇയാളെ കണ്ടെത്തിയതെന്നാണ് പറയുന്നത്. വെള്ളയില്‍ വരകളുള്ള ഷര്‍ട്ടാണ് ഇയാള് ധരിച്ചതെന്നും ഇയാള്‍ക്ക് ഒറ്റക്കെയാണ് ഉള്ളതെന്നും ദൃക് സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഗോവിന്ദച്ചാമിയെ പിടികൂടിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇരുമ്പ് കമ്പി അറുത്ത് മാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ആകാശവാണിയുടെ സമീപത്തെ മതിലാണ് ചാടിക്കടന്നത്. ഒറ്റക്കെയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാൻ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.ക്വാറന്റൈൻ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്. പ്രതിക്ക് വേണ്ടി പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. റെയില്‍വെ സ്റ്റേഷന്‍,ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഇതിനിടയിലാണ് കണ്ണൂര്‍ ഡിസിസിക്ക് സമീപത്ത് വെച്ച് ഇയാളെ കണ്ടതായി വിവരം ലഭിച്ചത്.

Post a Comment

Previous Post Next Post