Top News

അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്; പരിശോധന യെസ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട്


ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. എസ്.ബി.ഐ കഴിഞ്ഞ ദിവസം റിലയൻസ് കമ്യൂണിക്കേഷൻസിനെ ഫ്രോഡായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ്. 50ഓളം സ്ഥലങ്ങളിൽ ഇ.ഡി പരിശോധനയുണ്ടെന്നാണ് റിപ്പോർട്ട്. യെസ് ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ കുറ്റമടക്കം അനിൽ അംബാനിക്കെതിരെ ചുമത്തിയിട്ടുണ്ട്.


വിവിധ അന്വേഷണ, റെഗുലേറ്റിങ് ഏജൻസികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി പരിശോധന. നാഷണൽ ഹൗസിങ് ബാങ്ക്, സെബി, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണത്തിനായി ഇ.ഡി തേടിയിട്ടുണ്ട്. സി.ബി.ഐയും ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യെസ് ബാങ്കിൽ നിന്നും 2017ൽ എടുത്ത 3000 കോടിയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നതെന്ന് ഇ.ഡി അറിയിച്ചു. വായ്പ അനിൽ അംബാനിക്ക് നൽകുന്നതിന് മുമ്പ് ബാങ്കിന്റെ പ്രൊമോട്ടർമാരുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നാണ് ഇ.ഡി കണ്ടെത്തൽ. റിലയൻസിന്റെ പല കമ്പനികളുടേയും വരുമാനത്തിൽ പെ​ട്ടന്നുണ്ടായ വർധനവിന് പിന്നിലും തട്ടിപ്പാണെന്നാണ് സൂചനയാണ് ഇ.ഡി ഉദ്യോഗസ്ഥർ നൽകുന്നത്.

നേരത്തെ അനിൽ അംബാനിക്ക് ആശ്വാസം നൽകുന്ന നടപടിയുമായി കമ്പനി നിയമട്രിബ്യൂണൽ അപ്പലേറ്റ് അതോറിറ്റി രംഗത്തെത്തിയിരുന്നു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രെക്ചറിന്റെ പാപ്പരത്ത നടപടികൾ കമ്പനിനിയമ ട്രിബ്യൂണൽ അപ്പലേറ്റ് അതോറിറ്റിയാണ് സ്റ്റേ ചെയ്തത്. 920 കോടിയുടെ വായ്പയിൽ 88 കോടി തിരിച്ചടച്ചില്ലെന്ന് കാണിച്ചായിരുന്നു അനിൽ അംബാനിക്കെതി​രെ കേസ് വന്നത്.

അനിൽ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയൻസ് ഇൻഫ്രാസ്ടെക്ചറിനെതിരെ പാപ്പരത്ത നടപടികൾ സ്വീകരിക്കാൻ മുംബൈയിലെ കമ്പനി നിയമ ട്രിബ്യൂണൽ അനുമതി നൽകിയിരുന്നു. ഇതിനെതിരെ അപ്പലേറ്റ് അതോറിറ്റിയെ അനിൽ അംബാനി സമീപിക്കുകയായിരുന്നു. അപ്പലേറ്റ് അതോറിറ്റിയിൽ നൽകിയ ഹരജിയിൽ 92 കോടി രൂപ തിരിച്ചടച്ചിട്ടുണ്ടെന്ന് അനിൽ അംബാനി വാദിച്ചു. ഈ വാദം പരിഗണിച്ച് താൽക്കാലികമായാണ് നടപടികൾക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

ED raids Anil Ambani-linked premises in Mumbai, Anil Ambani, ED raid, Yes Bank scam

Post a Comment

Previous Post Next Post