NEWS UPDATE

6/recent/ticker-posts

അന്ന് മിഠായിത്തെരുവ്, ഇന്ന് പുതിയ സ്റ്റാൻഡ്; ആവർത്തിച്ച് ദുരന്തങ്ങൾ, മാറ്റമില്ലാതെ അനാസ്ഥ

കോഴിക്കോട്: നഗരത്തിന്റെ രണ്ട് സിരാകേന്ദ്രങ്ങള്‍, നഗരത്തിലേക്ക് ഏറ്റവുമധികം ആളുകളെത്തിച്ചേരുന്ന മിഠായിത്തെരുവും മാവൂർ റോഡിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡും. വര്‍ഷങ്ങളുടെ ഇടവേളയില്‍ രണ്ടിടത്തും വന്‍ അഗ്നിബാധയുണ്ടായത് യാദൃച്ഛികമെന്ന് തോന്നാമെങ്കിലും അതങ്ങനെയല്ല എന്നതാണ് വസ്തുത.[www.malabarflash.com]

കോടികളുടെ നഷ്ടത്തിനിടയാക്കിയ ഈ തീപ്പിടിത്തങ്ങള്‍ക്കു പിന്നിലെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനാകുന്നത് സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും അഗ്നിശമന സംവിധാനങ്ങളുടെ പേരായ്മയും കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയുമാണെന്ന് വ്യക്തം. 

2006 ല്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും ബോംബ് സ്ഫോടനമുണ്ടായി. 2007ൽ മിഠായിത്തെരുവിൽ പടക്കക്കടയ്ക്ക് തീപിടിച്ച് അമ്പതോളം കടകൾ കത്തിനശിച്ചു. പിന്നീട് 2015, 2017 വർഷങ്ങളിലും ഇതേ മിഠായിത്തെരുവിൽ തീപ്പിടിത്തം ആവർത്തിച്ചു. കോടികളുടെ നഷ്ടമാണ് ഓരോ തീപ്പിടിത്തത്തിലും ഉണ്ടായത്. ഇപ്പോഴിതാ സമാനമായി മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലും ഒരു കെട്ടിടത്തെയാകമാനം തീവിഴുങ്ങിയിരിക്കുന്നു.

തീപ്പിടിത്തം മണിക്കൂറുകളോളം നിയന്ത്രിക്കാനാകാതെ വന്നതും അപകടങ്ങളില്‍ സമാനം. വ്യാപാരസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് തീപ്പിടിത്തമുണ്ടായാല്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കാവുന്ന വസ്തുക്കളുടെ വിപണനകേന്ദ്രങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നും സുരക്ഷാക്രമീകരണങ്ങളില്‍ വിട്ടുവീഴ്ച വരുത്തുന്നുണ്ടോയെന്നുമുള്ള പരിശോധനകള്‍ കൃത്യമായി നടക്കാത്തതും അതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അലംഭാവവും ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം തന്നെയാണ്. 

മിഠായിത്തെരുവിലെ തീപ്പിടിത്തത്തില്‍ പത്തു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തിയത്. മൊഫ്യൂസിൽ ബസ് സ്റ്റാന്‍ഡിലെ തീപ്പിടിത്തത്തിന്റെ നഷ്ടം എത്രയെന്നുള്ള കണക്കുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും. ഈ അപകടത്തിലും നഷ്ടം കോടികള്‍ക്ക് മുകളില്‍ത്തന്നെയാകാനാണ് സാധ്യത. 2007 ല്‍ മിഠായിത്തെരുവിലുണ്ടായ പടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാതിരിക്കാനാകില്ല.

നഗരത്തില്‍ വലിയ തീപ്പിടിത്തമുണ്ടായാല്‍ ഏതുവിധത്തിലാണ് നിയന്ത്രിക്കേണ്ടത് എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തന്നെയാണെന്ന് മൊഫ്യൂസില്‍ സ്റ്റാന്‍ഡിലുണ്ടായ തീപ്പിടിത്തം വ്യക്തമാക്കുന്നു. തീപ്പിടിത്തമുണ്ടായ വിവരം ധരിപ്പിച്ചിട്ടും പോലീസോ മറ്റേതെങ്കിലും ദൗത്യസേനയോ സ്ഥലത്തെത്താന്‍ വൈകിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ആദ്യമെത്തിച്ചേര്‍ന്ന അഗ്നിരക്ഷാസേനയുടെ ഫയര്‍ എന്‍ജിനുകളില്‍ മതിയായ അളവില്‍ വെള്ളമില്ലാത്തതിനാല്‍ വെള്ളം നിറയ്ക്കാനായി മടങ്ങിപ്പോയത് തീപടരുന്നതിന് കാരണമാക്കിയെന്നും നാട്ടുകാര്‍ പറയുന്നു. 

ഒരു അപകടമുണ്ടായാല്‍ ടാങ്കില്‍ മുഴുവനും വെള്ളവുമായി എത്തേണ്ട അഗ്നിരക്ഷാസേനാവാഹനങ്ങള്‍ അക്കാര്യത്തില്‍ വീഴ്ച വരുത്തിയത് അനാസ്ഥയാണെന്നതില്‍ തര്‍ക്കമില്ല. തീ ആളിപ്പടരുമ്പോഴും സ്ഥലത്തെത്തിയത് അഞ്ചോളം ഫയര്‍ എന്‍ജിനുകള്‍ മാത്രമാണ്. തീ വ്യാപിച്ച് കെട്ടിട സമുച്ചയത്തിന്റെ മറുഭാഗത്തെത്തിയ ശേഷം മാത്രമാണ് കൂടുതല്‍ യൂണിറ്റുകള്‍ എത്തിച്ചേര്‍ന്നത്. അപ്പോഴേക്കും പുക നിറഞ്ഞ് രക്ഷാപ്രവര്‍ത്തനം സാധ്യമാകാത്ത ഘട്ടമായിക്കഴിഞ്ഞിരുന്നു. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. തുണിക്കടയുടെ ഗോഡൗണും കത്തിനശിച്ചു. ഫയര്‍ ഹൈഡ്രന്റ് ഇല്ലാതിരുന്നത് വെള്ളം നിറയ്ക്കുന്നതിന് തടസ്സമായി. വാഹനങ്ങള്‍ പോയിത്തന്നെ വെള്ളം നിറച്ചുവരേണ്ടിവന്നു.

ആളപായം ഉണ്ടായില്ല എന്നതു മാത്രമാണ് 2017 ലേയും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലേയും അപകടങ്ങളില്‍ ആകെയുള്ള ആശ്വാസം. എന്നാല്‍ 2007 ലെ അപകടത്തില്‍ അന്‍പതോളം കടകള്‍ കത്തിനശിച്ചിരുന്നു. എട്ടുപേര്‍ മരിക്കുകയും ചെയ്തു. നഷ്ടങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനെ കുറിച്ച് അധികാരികളും ഉദ്യോഗസ്ഥരും ചിന്തിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ വ്യാപാര കെട്ടിടസമുച്ചയത്തില്‍ വലിയ വ്യാപാരികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന നിരവധി ചെറുവിപണന കേന്ദ്രങ്ങളുണ്ട്. മിക്ക കടകളിലും എയര്‍ കണ്ടീഷണറുകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ പലതും അടച്ചിട്ട നിലയിലാണെന്നത് സുരക്ഷ സംബന്ധിച്ച ഗൗരവം വര്‍ധിപ്പിക്കുന്നു. 

ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ സംഭവിച്ചേക്കാവുന്ന അപകടത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന കാര്യം ഊഹിക്കാവുന്നതിനപ്പുറമാണെന്നിരിക്കെ സുരക്ഷാസംവിധാനങ്ങളുടെ ഉറപ്പുവരുത്തലിന് ഉത്തരവാദിത്തപ്പെട്ടവര്‍ കാണിക്കുന്ന അലംഭാവം ഗുരുതരമാണ്. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്നത്. ആ സന്ദര്‍ഭങ്ങളില്‍ മാത്രം ഇനി അപകടമുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കണം എന്ന പദ്ധതികള്‍ തയ്യാറാക്കും. പദ്ധതികള്‍ നടപ്പാക്കാനോ തുടര്‍നടപടികള്‍ നടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണത്തിനോ പിന്നീടാരും ശ്രദ്ധിക്കുകയോ ശ്രമിക്കുകയോ ചെയ്ത് കാണാറില്ലെന്നതാണ് വാസ്തവം.

മിഠായിത്തെരുവിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നുനിലക്കെട്ടിടം കത്തിനശിച്ചിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായത്. കോഴിക്കോട് ജില്ലയ്ക്ക് പുറമെ കണ്ണൂര്‍, മലപ്പുറം എന്നിവടങ്ങളില്‍ നിന്നുമെത്തിയ അഗ്നിരക്ഷാസേനയുടെ മൂന്നുമണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. 

ഇന്‍വെര്‍ട്ടറിന്റെ അലക്ഷ്യമായ ഉപയോഗമാണ് തുണിക്കടയിലെ തീപ്പിടിത്തത്തിനു കാരണമെന്നാണ് അസിസ്റ്റന്റ് കലക്ടര്‍ കണ്ടെത്തിയത്. അക്കാര്യം ഫോറന്‍സിക് സംഘവും സ്ഥിരീകരിച്ചിരുന്നു. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടത്. വായുസഞ്ചാരമില്ലാത്ത സ്ഥലത്ത് ഇന്‍വെര്‍ട്ടര്‍ സൂക്ഷിച്ചതും ആ ഭാഗത്ത് സാധനങ്ങള്‍ കൂട്ടിയിട്ടതും ഇന്‍വെര്‍ട്ടറിന്റെ ചൂടുകുറയ്ക്കുന്നതിനുള്ള ഫാന്‍ പ്രവര്‍ത്തിക്കാത്തതും ചെറുതീപ്പൊരി വീണാല്‍ പോലും വന്‍അഗ്നിബാധയിലേക്ക് വഴിതെളിയ്ക്കുമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതുപോലുള്ള അത്യന്തം അലക്ഷ്യമായ പ്രവൃത്തികള്‍ വലിയ അപകടങ്ങളുടെ സമയത്തു മാത്രമാണ് അധികൃതരുടെ ശ്രദ്ധയിലെത്തുന്നത് എന്നത് അനാസ്ഥയുടെ അളവ് വെളിപ്പെടുത്തുന്നു.


(കടപ്പാട്: മാതൃഭൂമി )

Post a Comment

0 Comments