ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ സൈന്യത്തിന്‍റെ തിരിച്ചടി. ബന്ദിപോറയിൽ സൈന്യം ലഷ്‍കർ കമാൻഡറെ വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർക്കായി സൈന്യത്തിന്റെ തിരച്ചിൽ തുടരുകയാണ്. ലശ്കർ കമാൻഡർ അൽതാഫ് ലാല്ലിയാണ് കൊല്ലപ്പെട്ടത്. (www.malabarflash.com)
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യം വ്യാപക തിരച്ചിൽനടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യം പ്രദേശത്ത് തിരച്ചിൽനടത്തുകയായിരുന്നു. സൈന്യത്തിന്റേയും ജമ്മുകശ്മീർ പൊലീസിന്റേയും നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പ്രദേശത്ത് പരിശോധന നടത്തിയത്.
അതേസമയം, അതിർത്തിയിൽ പാക് പ്രകോപനമുണ്ടായി. ഇന്നലെ രാത്രിയിലുടനീളം നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകളിൽ നിന്ന് വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. ഇന്ത്യൻ ഭാഗത്ത് നാശനഷ്ടങ്ങളുണ്ടായില്ല. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അതിർത്തിയിലുടനീളം കനത്ത ജാഗ്രതയിലാണ് സൈന്യം. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി സൈന്യം പുറത്തുവിട്ടിരിക്കുകയാണ്. അഞ്ച് ഭീകരരിൽ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞു. ഇതിൽ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണം.
0 Comments