Top News

വിവാഹദിനത്തില്‍ ഫൈനല്‍ മത്സരം; ട്രോഫിയുമായി ടീം അംഗങ്ങള്‍ സഹകളിക്കാരനായ വരന്റെ വീട്ടില്‍

ഉദുമ: പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് നടത്തിയ കബഡി ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരവും അതില്‍ ചാമ്പ്യന്മാരായ പള്ളം വിക്ടറി ക്ലബ് കളിക്കാരന്റെ വിവാഹവും ഒരേ ദിവസം. രണ്ടും നീട്ടിവെക്കാനാവില്ലല്ലോ. താലികെട്ട് കഴിഞ്ഞ് രാത്രിയില്‍ വീട്ടിലെ ആഘോഷ പരിപാടി നടന്നു കൊണ്ടിരിക്കെ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയുമായി ജേതാക്കള്‍ ആര്‍പ്പും ആരവവുമായി വരന്റെ വീട്ടിലെത്തുന്നു. [www.malabarflash.com]

മത്സരത്തില്‍ വിജയിച്ച ഘോഷയാത്ര അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ ആദ്യം അങ്കലാപ്പിലായെങ്കിലും വിക്ടറി ക്ലബ് ടീം അംഗങ്ങളെ വധൂവരുന്മാരും വീട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. കല്യാണവീട്ടിലെ ഡിജെ പാര്‍ട്ടിയില്‍ കളിക്കാരും പങ്ക് ചേര്‍ന്നു. വധുവരന്മാരോടൊപ്പം ട്രോഫിയുമായി ഫോട്ടോ എടുക്കാനും മറന്നില്ല. 

ട്രോഫിയുമായുള്ള ക്ലബ് അംഗങ്ങളുടെ വരവ് തന്നെയാണ് വലിയ വിവാഹസമ്മാനമെന്ന് ദേശീയ കബഡി താരമായ വരന്റെ അച്ഛന്‍ പള്ളം രാമകൃഷ്ണനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗവുമായ ഇളയച്ഛന്‍ പള്ളം നാരായണനും പറഞ്ഞു. 

ഞായറാഴ്ചയായിരുന്നു രാഹുല്‍ ആര്‍ കൃഷ്ണന്റെയും അനിലയുടെയും വിവാഹം.

Post a Comment

Previous Post Next Post