Top News

അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം; ഗേറ്റ് തകർത്തു, വിമത വൈദികർക്കെതിരെ നടപടി, 6 പേർക്ക് സസ്പെൻഷൻ



കൊച്ചി:എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാന്‍ ശ്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകര്‍ത്തു. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദികരെ മുന്നില്‍ നിര്‍ത്തിയാണ് പ്രതിഷേധം. ഗേറ്റില്‍ കയര്‍ കെട്ടിയശേഷം വലിച്ചുകൊണ്ടാണ് ഗേറ്റിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തത്. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. (www.malabarflash.com)

ഗേറ്റ് തകര്‍ക്കാതിരിക്കാനുള്ള ശ്രമം പൊലീസ് നടത്തിയെങ്കിലും വിഫലമായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിക്കുകയാണ്. പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ഗേറ്റ് തകര്‍ത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ചര്‍ച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, വിമത വൈദികര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ് രംഗത്തെത്തി. ബിഷപ്പ് ഹൗസിനുള്ളില്‍ സമരം ചെയ്ത വിമത വൈദികരായ ആറു പേരെ സഭ സസ്‌പെന്‍ഡ് ചെയ്തു. 15 വൈദികര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സമരം ചെയ്ത ആറ് വൈദികര്‍ക്ക് കുര്‍ബാന ചൊല്ലുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സീറോ മലബാര്‍ സഭ സിനഡാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇതിനിടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി പ്രതിഷേധക്കാര്‍ കളക്ടറുമായി ഫോണില്‍ ചര്‍ച്ച നടത്തി. 

സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ ഒരു വിഭാഗം വൈദികര്‍ പ്രതിഷേധമായി പ്രാര്‍ത്ഥനാ യജ്ഞം നടത്തിയതില്‍ പൊലീസ് ഇടപെട്ടതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സമരം നടത്തുകയായിരുന്ന വൈദികരെ രാത്രിയില്‍ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വൈദികരെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നടന്നത് പൊലീസ് അതിക്രമം എന്നാണ് വൈദികര്‍ ആരോപിക്കുന്നത്. രാത്രിയിലെ സംഭവത്തിന് പിന്നാലെയാണ് രാവിലെ വലിയ രീതിയിലുള്ള പ്രതിഷേധവുമായി വൈദികരും വിശ്വാസികളും രംഗത്തെത്തിയത്.

Post a Comment

Previous Post Next Post