NEWS UPDATE

6/recent/ticker-posts

കുവൈത്തിലെ ബാങ്കിൽ നിന്ന് മലയാളികൾ കോടികൾ തട്ടിയതായി പരാതി; സഹായം തേടി ഗൾഫ് ബാങ്ക് കേരളത്തിൽ

കൊച്ചി: ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി കുവൈത്തിലെ ഗൾഫ് ബാങ്കിൽനിന്നും കോടികൾ വായ്പ എടുത്തശേഷം മുങ്ങിയ മലയാളികൾക്കെതിരെ കേരളത്തിൽ അന്വേഷണം. 1400ൽ പരം മലയാളികൾ 700 കോടി രൂപ തട്ടിയെടുത്തെന്നാണ് സൂചന.[www.malabarflash.com] 

ഗൾഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ കേരളത്തിൽ എത്തി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി നിലവിൽ 10 കേസുകൾ റജിസ്റ്റർ ചെയ്തു. ഇതിൽ എട്ടെണ്ണവും എറണാകുളം റൂറൽ പോലീസ് ജില്ലയിലാണ്.

കേസിന്റെ അന്വേഷണച്ചുമതല ദക്ഷിണമേഖലാ ഐജിക്ക് കൈമാറിയേക്കും. ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നു ഐജി എസ്.ശ്യാം സുന്ദർ  പറഞ്ഞു. ‘ഗൾഫ് ബാങ്ക് കുവൈത്ത് ഷെയർ ഹോൾഡിങ് കമ്പനി പബ്ലിക്’ എന്ന സ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയത്. പണം തട്ടിയവരിൽ ഏറെയും നഴ്സുമാരാണെന്നാണ് പോലീസിനു ലഭിച്ച വിവരം. തട്ടിപ്പു നടത്തിയവരുടെ വിവരങ്ങൾ ബാങ്ക് അധികൃതർ പോലീസിനു കൈമാറി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസുകൾ റജിസ്റ്റർ ചെയ്തു തുടങ്ങിയത്.

മൂന്നു മാസം മുൻപാണ് ബാങ്ക് അധികൃതർ തട്ടിപ്പു കണ്ടെത്തിയത്. വായ്പ എടുത്തശേഷം കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസ്യത നേടിയശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ആദ്യം ചെറിയ തുകകൾ വായ്പ എടുത്ത് കൃത്യമായി അടയ്ക്കും. പിന്നീട് വലിയ തുകകൾ വായ്പ എടുത്തശേഷം നാട്ടിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ കടക്കും. വായ്പ എടുത്തവരുടെ നാട്ടിലെ വിലാസം ബാങ്കിലുണ്ട്. ഈ വിലാസങ്ങൾ പോലീസിനു കൈമാറി. വിപുലമായ അന്വേഷണത്തിനാണ് പൊലീസ് തയാറെടുക്കുന്നത്. വലിയ ഗൂഢാലോചന തട്ടിപ്പിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്.

Post a Comment

0 Comments