NEWS UPDATE

6/recent/ticker-posts

ലബ്ബൈക്ക വിളികളുമായി തീർഥാടകർ മിനായിൽ; വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് തുടക്കം

മിന: മനസ്സും ശരീരവും ചിന്തയും ഇച്ഛകളും പൂർണമായും സ്രഷ്ടാവിലേക്ക് സമർപ്പിച്ച് ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നൊഴുകിയെത്തിയ 20 ലക്ഷത്തിലേറെ വിശ്വാസികൾ തമ്പുകളുടെ നഗരമായ മിനായിലേക്ക് എത്തിച്ചേർന്നതോടെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി.[www.malabarflash.com]

ഹൃദയത്തിലും അധരങ്ങളിലും തൽബിയത്തിന്റെ വിശുദ്ധ വചനങ്ങൾ മാത്രം നിറഞ്ഞുനിൽക്കുന്ന ആത്മീയധന്യതയിൽ വിശ്വാസികൾ വെള്ളിയാഴ്ച മിനായിൽ രാപ്പാർക്കുന്നതോടെ ഹജ്ജിന്റെ നിർബന്ധിത അനുഷ്ടാനങ്ങൾക്ക് തുടക്കമാകും. ശനിയാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാ സംഗമം.

ഹജ്ജ് ഏജൻസികൾ ഏർപ്പെടുത്തിയ വാഹനങ്ങളിൽ വ്യാഴാഴ്ച  മുതൽ തന്നെ ഹാജിമാർ മിനായിൽ എത്തിച്ചേർന്നു. വെള്ളിയാഴ്ച നേരം പുലർന്നതോടെ തമ്പുകളുടെ നഗരിയിലേക്ക് തീർഥാടകരുടെ മഹാ ഒഴുക്കായി. വെള്ളിയാഴ്ച പകലും രാത്രിയും ഹാജിമാർ ഇവിടെ ചെലവഴിക്കും. 

ഹജ്ജിന്റെ ആദ്യ കർമമാണ് മിനായിലെ ഒത്തുചേരൽ. ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതും അറഫാ സംഗമത്തിന് ശേഷം ഹാജിമാര്‍ കല്ലേറ് കര്‍മ്മങ്ങള്‍ക്കും ബലി കര്‍മ്മങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നതും മിനായിലാണ്. 

പരമ്പരാഗത അറബ് സംസ്‌കാര തനിമയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് ഈ വര്‍ഷം മിനായിലെ തമ്പുകള്‍ സജ്ജ്മാക്കിയിട്ടുള്ളത്. കൊറോണ കാലങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ഹജ്ജിനെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. രണ്ട് ലക്ഷത്തിലധികം തമ്പുകളിലും മിനയിലെ റസിഡന്‍ഷ്യന്‍ ടവറുകളിലുമായാണ് ഹാജിമാര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് മിന സ്ഥിതിചെയ്യുന്നത്.

മിനായിൽ നിന്ന് ആത്മനിർവൃതിയോടെ മടങ്ങുന്ന ഹാജിമാർ ശനിയാഴ്ച  അറഫയിൽ സംഗമിക്കും. ഹജ്ജിന്റെ ആത്മാവായാണ് അറഫാ സംഗമം കണക്കാക്കപ്പെടുന്നത്. ശനിയാഴ്ച  സുബ്ഹി നിസ്‌കാരത്തിന് ശേഷമാകും അറഫയിലേക്കുള്ള യാത്ര. ളുഹ്ർ നിസ്‌കാരത്തോടെ അറഫാ സംഗമത്തിന് തുടക്കമാകും. പ്രവാചകരും അനുയായികളും ഹജ്ജ് വേളയിൽ ഒത്തുചേർന്നതിന്റെ ഉജ്ജ്വലമായ ഓർമ പുതുക്കൽ കൂടിയാണ് അറഫാ സംഗമം. 

ദേശഭാഷകളുടെ അതിർത്തികൾ മായ്ച്ചുകളയുന്ന മഹാസംഗമത്തിൽ വിങ്ങുന്ന ഹൃദയവുമായി വിശ്വാസികൾ പ്രാർഥനാ നിരതരാകും. ലോകത്തെ പീഡിത സമൂഹങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥനാനേരം കൂടിയായി മാറും അറഫാ സംഗമം. 

ഗസ്സയിൽ പതിനായിരക്കണക്കിന് മനുഷ്യജീവനുകൾ നിർദയം അപഹരിച്ച് ഇസ്റാഈൽ സംഹാരതാണ്ഡവമാടുന്ന സമയത്താണ് ഇത്തവണ ഹജ്ജ് കർമം നടക്കുന്നത്. വിശ്വാസികളുടെ കണ്ഠമിടറിയുള്ള പ്രാർഥനയിൽ ഗസ്സയിലെ നിസ്സഹായരായ മനുഷ്യർക്ക് വേണ്ടിയുള്ള തേട്ടമുണ്ടാകും.

അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്ന് 4,200 തീർഥാടകർ ഹജ്ജിനായി മക്കയിൽ എത്തിയതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ ക്ഷണപ്രകാരം ഗസ്സയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ഫലസ്തീനികളുടെ കുടുംബങ്ങളിൽ നിന്ന് 1000 പേർ കൂടി ഹജ്ജ് നിർവഹിക്കാൻ ഇത്തവണ ഹജ്ജിന് എത്തിച്ചേർന്നിട്ടുണ്ട്. റഫ ക്രോസിംഗ് അടച്ചതിനാൽ നിരവധിപേർക്ക് ഇവിടെ നിന്നു ഹജ്ജിന് എത്തിച്ചേരാൻ സാധിച്ചിട്ടുമില്ല.

അറഫാ സംഗമത്തിന് ശേഷം ശനിയാഴ്ച വൈകിട്ടോടെ വിശ്വാസികൾ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ രാപ്പാർത്തതിന് ശേഷം ജംറകളിൽ പിശാചിന്റെ സ്തൂപത്തിൽ കല്ലെറിയും. തുടർന്ന് മസ്ജിദുൽ ഹറമിലെത്തി കഅ്ബയെ ത്വവാഫ് ചെയ്യും. സഫ- മർവ കുന്നുകൾക്കിടയിലെ പ്രയാണത്തിന് ശേഷം ബലി കർമം. തുടർന്ന് മുടി മുറിച്ച് തീർഥാടകർ ഹജ്ജിൽ നിന്ന് വിരമിക്കും. പിന്നീട് മൂന്ന് ദിവസം കൂടി മിനായിലെ തമ്പുകളിൽ രാപ്പാർത്ത് മൂന്ന് ജംറകളിൽ കല്ലെറിയും. ഇതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ സമ്പൂർണമായി അവസാനിക്കും.

ഇന്ത്യയിൽ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ 1,40,020 ഹാജിമാർ ഇന്ന് പുലർച്ചെയോടെ മിനാ താഴ്്വരയിൽ എത്തും വിധമാണ് യാത്ര ക്രമീകരിച്ചത്. മിനായിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇന്ത്യൻ ഹജ്ജ് മിഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഐ സി എഫ്- ആർ എസ് സി ഉൾപ്പെടെ സംഘടനകളുടെ കീഴിൽ ആയിരക്കണക്കിന് വളണ്ടിയർമാർ സേവനനിരതരാണ്. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹാജിമാർക്കും മിനായിലെ പരമ്പരാഗത അതിർത്തിക്കുള്ളിലാണ് സൗകര്യം ലഭിച്ചത്.

Post a Comment

0 Comments