Top News

പെരിയ കൊലപാതക കേസിലെ പ്രതിയും രാജ്‌മോഹൻ ഉണ്ണിത്താനും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടെന്ന് കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ

കാസർകോട്: കാസർകോട് കോൺഗ്രസിലെ പടല പിണക്കം പരസ്യമാകുന്നു. സ്ഥലം എംപിയും നിലവിലെ കോൺഗ്രസ് സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയതോടെയാണ് കാസർകോട് കോൺഗ്രസിലെ പിണക്കങ്ങൾ വീണ്ടും പരസ്യമായത്.[www.malabarflash.com]


ഏറെ കാലമായി വിഭാഗീയത രൂക്ഷമായിരുന്ന ജില്ലയിൽ ഈ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതൃത്വം ഒത്ത് തീർപ്പ് യോഗം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിഭാഗീയത വീണ്ടും മറ നീക്കി പുറത്ത് വന്നു.

ഒരു വിവാഹ സൽക്കാരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ സംഭാഷണം നടത്തിയെന്ന്, ചിത്രമടക്കം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു.

ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നുവെന്നും ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും കെ പി സി സി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. താൻ പാർട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങളും ബാലകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നുണ്ട്. ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരെയും തമ്മിൽ തല്ലിച്ചവനാണ് ഉണ്ണിത്താൻ എന്ന ആരോപണവും ബാലകൃഷ്ണന്‍ ഉയർത്തുന്നുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെ പിൻവലിച്ചു..

ബാലകൃഷ്ണൻ പെരിയയുടെ ഫെയസ്ബുക്ക് കുറിപ്പ്
ഇത് രാജ്മോഹൻ ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും രാത്രിയുടെ മറവിൽ നടത്തുന്ന സംഭാഷണമാണ്. കോൺഗ്രസിനെ തകർത്ത് സിപിഎമ്മിൽ എത്തിയ പാദൂർ ഷാനവാസിന്റെ വീട്ടിൽ ഉൾപ്പെടെ എന്നെ പരാജയപ്പെടുത്താൻ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താൻ. കോൺഗ്രസിന്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവൻ. ശരത് ലാൽ കൃപേഷ് കൊലപാതക കേസിൽ ആയിരം രൂപപോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായ് മാറിയ സാധാരണക്കാരെ പുഛിക്കാൻ ഹൈക്കമാൻഡിന്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവൻ.
നാവിനെ ഭയമില്ലാത്ത കെ.സുധാകരനും കെ.സി.വേണുഗോപാലും ഒഴികെയുള്ളവർ എന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും, എന്നനിക്കറിയാം. പക്ഷെ കാസർഗോഡിന്റെ രാഷ്ട്രീയ നിഷ്കളങ്കതയ്ക്കു മുകളിൽ കാർമേഘം പകർത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല.
രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്ക്കരിക്കാൻ ഞാൻ നടത്തിയ സാഹസികത മുതൽ ഈ നിമിഷം വരെ ഞാൻ നടത്തിയ സാഹസിക പോരാട്ടം എന്റെ ഉള്ളിലുണ്ട്. എന്റെ എല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്.
എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു. 1984 മുതൽ സിപിഎം ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാർട്ടിക്കായ് നിലയുറപ്പിച്ചു. 32 വോട്ടുകൾ സ്വന്തം വീട്ടിൽനിന്ന് കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി. ഈ പാർലമെന്റ് മണ്ഡലം മുഴുവൻ തൊണ്ട പൊട്ടി പ്രസംഗിച്ചു

ഒടുവിൽ ഈ വരുത്തൻ, ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കൻ നേതൃത്വം നൽകിയവൻ പറയുന്നു പുറത്തുപോകാൻ. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു. ഒടുവിൽ ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു. ബാക്കി വാർത്താ സമ്മേളനത്തിൽ.

Post a Comment

Previous Post Next Post