Top News

ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; യുവാവ് മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

തൃശ്ശൂർ:  മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ കുത്തേറ്റു യുവാവ് മരിച്ചു. അരിമ്പൂർ വെളുത്തൂർ സ്വദേശി ഭരതൻ സെന്റർ ചുള്ളിപ്പറമ്പിൽ സുഭാഷ് ചന്ദ്രബോസിന്റെയും ലതികയുടെയും മകൻ അക്ഷയ് (23–കുട്ടാപ്പി) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

കത്തികൊണ്ടുള്ള ആക്രമണത്തിൽ 5 പേർക്കു സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 4 പേരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അക്ഷയ്ക്കു നെഞ്ചിനോടു ചേർന്നാണു കുത്തേറ്റത്. മൃതദേഹം മാപ്രാണം ലാൽ മെമ്മോറിയൽ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. ബുധനാഴ്ച രാത്രി ഏഴോടെ ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പും വെടിക്കെട്ടും കഴിഞ്ഞതിനു പിന്നാലെ ആലുംപറമ്പ് പരിസരത്താണു സംഘർഷമുണ്ടായത്. ഫുട്ബോൾ കളിയെ തുടർന്നുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നു കരുതുന്നു. ആക്രമിക്കാനെത്തിയ ഒരു സംഘത്തിലെ യുവാക്കൾ മാരകായുധങ്ങൾ കയ്യിൽ കരുതിയിരുന്നതായി നാട്ടുകാർ പറഞ്ഞു.

ആനന്ദപുരം സ്വദേശികളായ കൊല്ലപ്പറമ്പിൽ സഹിൽ, പൊന്നിയത്ത് സന്തോഷ്, മൂർക്കനാട് സ്വദേശി കരിക്കപ്പറമ്പിൽ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടിൽ മനോജ്, തൊട്ടിപ്പാൾ സ്വദേശി നെടുമ്പാൾ വീട്ടിൽ നിഖിൽ എന്നിവരാണു ചികിത്സയിലുള്ളത്. 

ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. ക്രിമിനൽ കേസുകളിലെ പ്രതികൾ തമ്മിലാണ് സംഘർഷമുണ്ടായതെന്നു സൂചനയുണ്ട്.

Post a Comment

Previous Post Next Post